LIFENewsthen Special

നമ്മുടെ പൊലീസ് നേരിടുന്ന പ്രശ്നങ്ങൾ. വസ്തുതകൾ ;യാഥാർത്ഥ്യങ്ങൾ- കെ പി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു എഴുതുന്നു

കേരളത്തിലെ പോലീസുദ്യോഗസ്ഥന്മാർക്കിടയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർദ്ധിക്കുന്നു എന്ന വാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഈ വിഷയത്തിൽ കൃത്യമായ പഠനവും ആവശ്യമായ നടപടിയും അനിവാര്യമാണ്. ആത്മഹത്യയും സ്വയം വിരമിക്കലും എന്നതിനപ്പുറം സർവ്വീസിലിരിക്കെ മരണപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ഇതര വകുപ്പുകളെ അപേക്ഷിച്ച് പോലീസിൽ കൂടുതലാണ്. PSC നടത്തുന്ന എഴുത്ത് പരീക്ഷയുടെ മികവിൽ മാത്രമാണ് ഇതര വകുപ്പുകളിലേക്കുള്ള നിയമനങ്ങൾ. എന്നാൽ യുവാക്കളിൽ എഴുത്ത് പരീക്ഷയ്ക്ക് ശേഷം, കായിക ക്ഷമതയും, മെഡിക്കൽ പരിശോധനയ്ക്കും ശേഷം ഈ രംഗത്തെ മികവുകൂടി ഉള്ളവരെ മാത്രമേ പോലീസിൽ നിയമിക്കുന്നുള്ളൂ. ഈ വിഭാഗത്തിലാണ് 56 വയസ് ആകുന്നതിന് മുമ്പ് കൂടുതൽ ആളുകൾ മരണപ്പെടുന്നു എന്നത് ഗൗരവതരമായ വിഷയമാകുന്നത്.

സമയക്ലിപ്തതയില്ലാത്ത, മാനസിക പിരിമുറുക്കം നൽകുന്ന, വകുപ്പിനകത്ത് നിന്നും പുറത്ത് നിന്നും ഒരു പോലെ പ്രഷർ ലഭിക്കുന്ന തൊഴിലിടമാണ് പോലീസ്. വർദ്ധിച്ച് വരുന്ന ജോലി ഭാരവും അതിനനുസരിച്ച് അംഗബലം കൂടാത്തതും പോലീസ് ജോലി കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു. രാപകലില്ലാത്ത അദ്ധ്വാനത്തിനിടയിൽ സ്വകുടുംബവുമായി ചിലവിടാൻ സമയം ലഭിക്കാത്തതിന്റെ ഭാഗമായി കുടുംബങ്ങളിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും ചെറുതല്ല.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളാ പോലീസ് ഏറെ പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കുറ്റാന്വേഷണവും, ക്രമസമാധാന പരിപാലനവും എന്ന പരമ്പരാഗത പോലീസിംഗിൽ ഇന്നും ഇതര സംസ്ഥാന പോലീസ് നിൽക്കുമ്പോൾ, കമ്മ്യൂണിറ്റി പോലീസിംഗ് എന്ന ആശയം ജനമൈത്രി സുരക്ഷാ പദ്ധതിയിലൂടെയും, സ്ത്രീകളുടേയും കുട്ടികളുടേയും മുതിർന്ന പൗരന്മാരുടേയും സുരക്ഷാ പദ്ധതികളിലൂടെയും, അശാന്തമായിരുന്ന കേരള തീരങ്ങളെ സമാധാനത്തിലേക്കെത്തിക്കാൻ തുടങ്ങിയ തീരദേശ സുരക്ഷാ സമിതിയിലൂടെയും, സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെയും നടപ്പിലാക്കി ജനസൗഹൃദ പോലീസായി ഇന്ന് കേരളത്തിൽ പോലീസ് മാറിക്കഴിഞ്ഞു. ഇത്തരം ഗുണകരമായ മാറ്റം നടപ്പിലാക്കാൻ ആവശ്യമായ അധിക അംഗബലം നമ്മുടെ പോലീസിന് ഇല്ല എന്നത് നിലവിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ നടുവൊടിക്കുന്നു എന്നതാണ് യഥാർത്ഥ്യം. ഒരു സാധാരണ പോലീസ് സ്റ്റേഷന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ അംഗബലം പോലും നിലവിൽ ലഭ്യമല്ലാത്തപ്പോഴാണ് ഇത്രയേറെ അധിക ജോലികളും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർ നിറവേറ്റി വരുന്നത്. കൂടാതെ ഓരോ ദിവസവും അധികമായി ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ, കുറ്റകൃത്യങ്ങൾ, VIP- VVIP സന്ദർശനങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ ഇവയെല്ലാം പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം ദുരിതപൂർണമാക്കുന്നു. ഇതിനിടയിലാണ് ജനസൗഹൃദ പോലീസായി മാറിക്കഴിഞ്ഞ നമ്മുടെ പോലീസിനുനേരെ നിരന്തരം കയ്യേറ്റങ്ങളും അതിക്രമങ്ങളും പൊതുസമൂഹത്തിൽ നിന്നും ഉണ്ടാകുന്നത്. ഇന്ത്യയിൽ പരമ്പരാഗത പോലീസിംഗ് നടത്തി വരുന്ന മറ്റൊരു സംസ്ഥാനത്തും പോലീസിന് നേരെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ഇതുപോലെ അതിക്രമങ്ങൾ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു സേന എന്ന നിലയിൽ ഹയറാർക്കി ഏറ്റവും ശക്തമാണ് പോലീസിൽ. അങ്ങനെ തന്നെ ആകുകയും വേണം. ഈ ശ്രേണിയിലെ അപൂർവ്വം ചിലർ കീഴ്ഉദ്യോഗസ്ഥന്മാരോട് കാണിക്കുന്ന മോശം പെരുമാറ്റവും സേനയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് പോലീസ് സേനയുടെ പ്രശ്നമായി കാണുന്നില്ല. അത്തരം വ്യക്തികളുടെ DNA യുടെ പ്രശ്നമായാണ് കാണുന്നത്. അവരേയും ചികിത്സാ വിധേയമാക്കേണ്ടതുണ്ട്.

തൊഴിലിടത്തിൽ അനുഭവിക്കേണ്ടി വരുന്ന മേൽ സാഹചര്യങ്ങൾ അനാരോഗ്യകരവും അസംതൃപ്തവുമായ പോലീസ് സേനയായി കേരളാ പോലീസിനെ മാറ്റുന്നു എന്നതാണ് യഥാർത്ഥ്യം. ഈ സാഹചര്യങ്ങളിലെ സമ്മർദ്ദങ്ങൾ നല്ലൊരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർക്കും അതിജീവിക്കാൻ കഴിയാതെ പോകുന്നു. അത് ചിലർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അപൂർവം ചിലർ ആത്മഹത്യ ചെയ്യുന്നു. ചിലരാകട്ടെ സ്വയം വിരമിച്ച് സ്വസ്ഥതയോടെ ജീവിക്കാൻ പോകുന്നു. ഈ യഥാർത്ഥ്യങ്ങൾ ഗൗരവത്തോടെ കണ്ട് ഉചിതമായ പരിഷ്ക്കാരങ്ങൾ ഉണ്ടാകേണ്ടതാണ്. പോലീസ് സ്റ്റേഷനിലെ അംഗസംഖ്യ ദൈനം ദിന ജോലികൾക്ക് പോലും അപര്യാപ്തമാണ് . പോലീസ് സ്റ്റേഷനുകളിലെ അംഗബലം വർദ്ധിപ്പിക്കുക എന്നത് അടിയന്തിരപ്രാധാന്യം നൽകേണ്ടതാണ്. അത് പോലീസ് ഉദ്യോഗസ്ഥന്മാരുടെ ജോലി ഭാരം ലഘൂകരിക്കുക മാത്രമല്ല, നാടിന്റെ വളർച്ചയ്ക്കും വികസനത്തിനും അനിവാര്യമാണ്.

ഇത്തരം വിഷയങ്ങൾ നിരന്തരം പോലീസ് സംഘടനകൾ ചർച്ച ചെയ്തു വരുന്നുണ്ട്. അധികാരികൾക്ക് മുന്നിൽ അവതരിപ്പിച്ചും വരുന്നു. പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് കേരളത്തിലെ പോലീസ് സംഘടനകൾ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: