IndiaNEWS

നടുക്കം മാറാതെ മുംബൈ: പരസ്യബോർഡ് തകർന്നുവീണ് മരണം 14, പരുക്കേറ്റത് 60 ലധികം പേർക്ക്

  മുംബൈ നഗരം ഞെട്ടലിൽ നിന്ന് മോചനം നേടിയിട്ടില്ല. വേനൽ മഴയും ആഞ്ഞുവീശിയ പൊടിക്കാറ്റും നഗര ജീവിതത്തിൻ്റെ താളം തെറ്റിച്ചു. നിയമവിരുദ്ധമായി സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 60ലധികം പേർക്കു പരുക്കേറ്റു.

ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചു. തകർന്ന പരസ്യ ബോർഡിന് തൂണുകളടക്കം 250 ടൺ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.

Signature-ad

ബോർഡ് സ്ഥാപിച്ച പരസ്യക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പടുകൂറ്റൻ ഹോർഡിങ് അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ പരാതി നൽകിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. പക്ഷേ  നടപടിയുണ്ടായില്ല.

ഇന്നലെ വൈകിട്ടുണ്ടായ പൊടിക്കാറ്റിൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂർ തടസ്സപ്പെട്ടു. 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലോക്കൽ, മെട്രോ ട്രെയിനുകൾ സിഗ്നൽ പ്രശ്നങ്ങളെത്തുടർന്നു വൈകിയതോടെ പതിനായിരക്കണക്കിനു പേർ വീടുകളിലെത്താതെ വലഞ്ഞു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി എൻഡിആർഎഫ് സംഘം സ്ഥലത്തു തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തുന്നതാണ് പ്രധാനമെന്നും പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ് പറഞ്ഞു.

ഈ മാസം 16 വരെ മുംബൈ നഗരത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Back to top button
error: