മലയാളത്തിൻ്റെ അഭിമാന താരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 45-ാം വിവാഹ വാര്‍ഷികത്തിൻ്റെ ആഹ്ലാദ നിറവിൽ. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായി.
”45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.”
ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം യാത്രക്കിടെ എടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മെയ് 5 നും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് 4നുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് 6 നുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങള്‍ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത് 1979-മെയ് 6 നാണ്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ സുറുമി ജനിച്ചു. 1986-ല്‍ ആണ് ദുല്‍ഖര്‍ ജനിക്കുന്നത്.
മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസകളുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നത്.