KeralaNEWS

ആര്യക്ക് സപ്പോർട്ടുമായി പീരുമേട് മുൻ എം.എൽ.എ. ഇ.എസ്.ബിജിമോൾ 

തിരുവനന്തപുരം മേയർ ആര്യക്ക് സപ്പോർട്ടുമായി പീരുമേട് മുൻ എം.എൽ.എ. ഇ.എസ്.ബിജിമോൾ.ബിജിമോളുടെ കുറിപ്പ് വായിക്കാം:
“ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും  എന്റെ അനുജത്തിയും  കെ എസ് ആർ ടി സി ബസിൽ   കോട്ടയത്ത് നിന്നു മടങ്ങി വരികയായിരുന്നു.   കട്ടപ്പനയ്ക്കുള്ള അവസാനത്തെ  ബസിലാണ് മടക്കം. കാഞ്ഞിരപ്പള്ളി എത്തിയപ്പോൾ കണ്ടക്ടറും  ഒരു മധ്യവയസ്ക്കയായ ഒരു സ്ത്രീയും തമ്മിൽ തർക്കം നടക്കുന്നു.  ആ ബസിന്  അവർക്ക് ഇറങ്ങേണ്ട   കോളേജ് പടിയിൽ അന്ന് സ്റ്റോപ്പില്ല. അതിനാൽ രണ്ടു കിലോമീറ്റർ  അകലെയുള്ള  കാഞ്ഞിരപ്പള്ളിയിൽ  ഇറങ്ങണമെന്നാണ്  കണ്ടക്ടറുടെ  ആവശ്യം.
ഈ  ബസിൽ ഞാനടക്കം മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്.   ബസിലെ മറ്റു പുരുഷ യാത്രക്കാരൊന്നും  തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ നിശബ്ദരായിരിക്കുകയാണ്.   അന്ന് മൊബെെൽ ഫോണുകളൊന്നും   വ്യാപകമായിട്ടില്ല. അവരുടെ ഭർത്താവ്   ആ സ്റ്റോപ്പിൽ  അവരെ കാത്തു നിൽക്കുമെന്നും  അവർ പെട്ടെന്ന് ഇറങ്ങാമെന്നും പറഞ്ഞിട്ടും കണ്ടക്ടർ   അവിടെ നിർത്തില്ല  എന്ന പിടിവാശിയിൽ തുടരുകയാണ്. അവർ കരച്ചിലിന്റെ വക്കിലാണ്.  ആ രാത്രിയിൽ ബസിൽ നിന്നും  അവരെ കയ്യിൽ പിടിച്ചു വലിച്ചിറക്കാൻ  കണ്ടക്ടർ   ശ്രമിച്ചപ്പോഴാണ് ഞാൻ ആ വിഷയത്തിൽ  കയറി ഇടപെടുന്നത്.
  ആ സ്ത്രീയെ
 ഈ രാത്രിയിൽ വണ്ടിയിൽ നിന്നു ഇറക്കാൻ പറ്റില്ലെന്നും  അവർ  പറയുന്നിടത്ത് വണ്ടി നിറുത്തി കൊടുക്കണമെന്നും  ഞാൻ കട്ടായം പറഞ്ഞു.   അതോടെ ഞാനും കണ്ടക്ടറും തമ്മിലായി വാക്കു തർ‌ക്കം. വിഷയം  രൂക്ഷമായതോടെ അവർ വണ്ടിയിൽ നിന്നും പേടിച്ചിറങ്ങാൻ തയാറായി. അവരില്ലാതെ വണ്ടി മുന്നോട്ട് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ‌ വണ്ടിയുടെ മുന്നിൽ കയറി നിന്നു. അപ്പോഴെയ്ക്കും  മറ്റു യാത്രക്കാരും വിഷയത്തിൽ  ഇടപെട്ടു. എന്തായാലും  അവരെ സ്റ്റോപ്പിൽ തന്നെ ഇറക്കാൻ സാധിച്ചു.  പിന്നീട്  ഈ  വിഷയം ഞാനടക്കമുള്ള പല  വനിത ജനപ്രതിനിധികളും സ്ത്രീ സംഘടനകളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ്  രാത്രി കാലങ്ങളിൽ സ്ത്രീ യാത്രക്കാർ  ആവശ്യപ്പെടുന്നിടത്ത്  വണ്ടി നിറുത്തണമെന്ന  ഓർഡർ കെ എസ് ആർ ടി സി ഇറക്കുന്നത്.
എങ്ങനെയാണ്  ഒരു വിഷയത്തോട് ഒരു ജനപ്രതിനിധി  പ്രതികരിക്കേണ്ടതെന്ന് ചോദിച്ചാൽ ഇങ്ങനെ തന്നെ പ്രതികരികണമെന്നാണ് സാധാരണ ജനങ്ങൾ ആ​ഗ്രഹിക്കുക.  ആ സ്ത്രീയ്ക്ക് നീതി കിട്ടേണ്ടത് ആ നിമിഷമാണ്. ഇത്തരം ദുരനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിന്നീട്  ഓർഡർ ഇറങ്ങുക വഴി എല്ലാ സ്ത്രീ യാത്രക്കാർക്കും   ​ഗുണം ലഭിച്ചുവെന്നത് വസ്തുതയാണ്.   ചിലപ്പോൾ ചില വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് അപ്പോൾ  തന്നെയാണ്. വെെകി വരുന്ന നീതി ചിലപ്പോൾ ഇല്ലാതാക്കുന്നത് വ്യക്തികളെയും കുടുംബങ്ങളെയുമാണ്.
ഓവർ സ്പീഡിൽ എത്തി  മറ്റു വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ അപകടകരമായി ഡ്രെെവ് ചെയ്യുകയും അശ്ലീല ആം​ഗ്യം കാണിക്കലിലൂടെ തന്റെ പ്രവൃത്തിയെ ന്യായികരിക്കുകയും ചെയ്ത ഡ്രെെവറെ ചോദ്യം ചെയ്യണമെന്നു   ആര്യക്ക് തോന്നിയത്  താൻ അനുഭവിച്ച അനീതി തന്നെപ്പോലെയുള്ള സാധാരണക്കാരായ  മറ്റു യാത്രക്കാർക്ക് ഉണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ്.  അധികാര ദുർവിനയോ​ഗം ചെയ്യുന്ന, അല്ലെങ്കിൽ അധികാരത്തിന്റെ ധാർഷ്ട്യമുള്ള  ഒരു സ്ത്രീയായിരുന്നുവെങ്കിൽ‌, ആ മേയറും എംഎൽഎയും അങ്ങനെയാകില്ല പ്രതികരിക്കുക.
അനീതി കാണിക്കുന്നവരോട്  അറിയാതെ പ്രതികരിച്ചു പോകുന്നവരെ  മനസിലാക്കണമെങ്കിൽ ഇനിയും വറ്റാത്ത നന്മയുടെ ഇത്തിരി നനവെങ്കിലും മനസിൽ ബാക്കിയുണ്ടാവണം. പ്രതികരിക്കുന്ന സ്ത്രീകളോട് അങ്ങേയറ്റം അറപ്പുണ്ടാക്കുന്ന വിധത്തിൽ ലെെം​ഗിക വെെകൃതങ്ങൾ  വിളിച്ചു പറയുന്നവരെക്കാൾ അപകടകാരികളാണ് ഇങ്ങനെ അവരെ പറയാൻ പ്രേരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ കപട നിലപാടുകൾ”

Back to top button
error: