IndiaNEWS

ഊട്ടി- കൊടൈക്കനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം,  സഞ്ചാരികൾക്ക് വൻതിരിച്ചടി

     ഊട്ടി-കൊടൈക്കനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ചെന്നൈ ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും.

സഞ്ചാരികളുടെ തിരക്കുകാരണം ഈ പ്രദേശത്തെ നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ്  ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

മേയ് 7 മുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം 2000 വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ളവർ അടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽ തന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരെയും പതിനായിര കണക്കിനു സഞ്ചാരികളെയും കാര്യമായി ബാധിക്കുമെന്ന് തീർച്ച.

ചെക്ക്‌പോസ്റ്റുകൾക്ക് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കൂട്ടമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഇന്ധനം ലാഭിക്കാനും കാർബൺ ബഹിർഗമനം തടയാനും ഈ നിയന്ത്രണം സഹായിക്കും.

വേനൽക്കാലത്ത് രണ്ട് ഹിൽ സ്റ്റേഷനുകളിലും എത്തുന്ന വാഹനങ്ങളുടെ എണ്ണം, തരം, സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം, പകൽ സന്ദർശിച്ച് മടങ്ങുന്നുണ്ടോ, രാത്രി തങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇതിനായി  എന്നാൽ മേഖലയിലെ സ്ഥിരംതാമസക്കാർക്ക് പാസ് ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

എട്ട് ചെക്ക് പോസ്റ്റുകളിലൂടെ പ്രതിദിനം 20,000 വാഹനങ്ങൾ നീലഗിരിയിലേക്ക് പ്രവേശിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ട് വായിച്ച ജഡ്ജിമാർ ഞെട്ടൽ രേഖപ്പെടുത്തി. ഇത്രയധികം തിരക്കുള്ള റോഡ് മുറിച്ചുകടക്കാൻ ആനകൾക്ക് എങ്ങനെ കഴിയുമെന്ന് അവർ ചോദിച്ചു. കൂടാതെ, നീലഗിരിയിൽ പ്രദേശവാസികൾ പോലും വെള്ളത്തിനായി ബുദ്ധിമുട്ടുന്ന കടുത്ത വരൾച്ച നിലനിൽക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്ക് എങ്ങനെ വെള്ളം കണ്ടെത്താനാകുമെന്ന് ജസ്റ്റിസ് ചക്രവർത്തി ഉത്കണ്ഠ രേഖപ്പെടുത്തി. ഹർജി ജൂലൈ 5 ന് കോടതി വീണ്ടും പരിഗണിക്കും.

Back to top button
error: