ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് വിവിധ സേവിങ്‌സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ നടപ്പിലാക്കും. മെയ് ഒന്നിനാണ് ഇത് പ്രാബല്യത്തില്‍ വരിക. ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകള്‍, ക്ലിയറിങ് സേവനങ്ങള്‍, ഡെബിറ്റ് റിട്ടേണുകള്‍, തുടങ്ങിയ സേവനങ്ങളെ ബാധിക്കും. ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസ് 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയില്‍ ഇത് പ്രതിവര്‍ഷം 99 രൂപയാണ്. ആദ്യത്തെ 25 ചെക്ക് ലീഫുകള്‍ എല്ലാ വര്‍ഷവും സൗജന്യമായി നല്‍കും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും.
പുതുക്കിയ ഐഎംപിഎസ് നിരക്ക് അനുസരിച്ച് 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ.1,000 മുതല്‍ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ. 25,000 മുതല്‍ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ. അക്കൗണ്ട് ക്ലോഷര്‍ ചാര്‍ജ് ഈടാക്കില്ല. ഡെബിറ്റ് കാര്‍ഡ് റീജനറേഷന്‍ ചാര്‍ജും ഇല്ല.
യെസ് ബാങ്ക്
ഐസിഐസിഐ ബാങ്കിന് സമാനമായി യെസ് ബാങ്കും സേവിങ്‌സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജുകള്‍ കൂട്ടി. ഇതും മെയ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. സേവിങ്‌സ് അക്കൗണ്ട് പ്രോ മാക്‌സ് അനുസരിച്ച് പ്രതിമാസ ശരാശരി ബാലന്‍സ് 50000 രൂപയാണ്. ഇതിന് ആയിരം രൂപ വരെ പരമാവധി ചാര്‍ജ് ആയി ഈടാക്കും. നേരത്തെ ഇത് 750 ആയിരുന്നു. 10,000ന് 750 രൂപയാണ് പരമാവധി ചുമത്തുക.
ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവേറിയതായിരിക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകള്‍ക്കും 1 ശതമാനം നിരക്ക് ബാധകമാകും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളില്‍ 15,000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേര്‍ക്കും. എന്നാല്‍, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകള്‍ക്ക് ഈ അധിക ഫീസ് ഈടാക്കില്ല.
എച്ച്‌ഡിഎഫ്സി ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി എച്ച്‌ഡിഎഫ്സി ബാങ്ക് നീട്ടി. ഈ പ്രത്യേക സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി പ്ലാനില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി മേയ് 10 വരെയാണ് നീട്ടിയത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
യൂട്ടിലിറ്റി ബില്ലുകള്‍ക്കുള്ള മൊത്തം ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതല്‍ തുകയും ജിഎസ്ടിയുടെ അധിക ചാര്‍ജും ഈടാക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളില്‍ യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ (ഗ്യാസ്, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയുള്‍പ്പെടെ) 20,000 രൂപയോ അതില്‍ കുറവോ ആണെങ്കില്‍ അധിക നിരക്ക് ഈടാക്കില്ല. എന്നാല്‍ ഇത് 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഒരു ശതമാനം സര്‍ചാര്‍ജിനൊപ്പം നിങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി അധികമായി നല്‍കേണ്ടിവരും. FIRST പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ്, LIC ക്ലാസിക് ക്രെഡിറ്റ് കാര്‍ഡ്, LIC സെലക്‌ട് ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്ക് ഈ അധിക നിരക്ക് ബാധകമല്ല.