KeralaNEWS

സി.പി.എം സമ്മര്‍ദത്തിന് വഴങ്ങാതെ ഗണേഷ് കുമാര്‍; മേയറുടെ വാക്കു മാത്രം കേട്ട് നടപടിക്കില്ല, ഡ്രൈവറെ പിന്തുണച്ച് യാത്രക്കാരും

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ സിപിഎം സമ്മര്‍ദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പൊലീസ് റിപ്പോര്‍ട്ടും കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതു വരെ ഡ്രൈവര്‍ക്കെതിരെ തല്‍ക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നില്‍. ഇതിനു പിന്നാലെ സച്ചിന്‍ ദേവ് എംഎല്‍എ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നല്‍കും.

പൊലീസും വിജിലന്‍സും നല്‍കുന്ന റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമാകും ഡ്രൈവര്‍ യദുവിനെതിരെ വകുപ്പുതല നടപടി. ന്യായത്തിന്റെ ഭാഗത്തു നില്‍ക്കണമെന്നും മേയറും എംഎല്‍എയുമാണ് എതിര്‍ഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമാണ് ഗണേഷ്‌കുമാറിന്റെ നിലപാട്. ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, മേയര്‍ക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം.

Signature-ad

സംഭവത്തില്‍ ദൃക്‌സാക്ഷികളാവരോട് ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം സംസാരിച്ചത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തിയത്. ബസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ ഫോണ്‍ നമ്പറുകള്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവര്‍ക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്.

ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാര്‍ നല്‍കിയ മൊഴി. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും ഇവര്‍ക്കുണ്ട്. യാത്ര അവസാനിക്കാന്‍ രണ്ട് കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് സംഭവം നടന്നത്. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാര്‍ പറയുന്നു. എംഎല്‍എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഡ്രൈവര്‍ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തി പൊലീസ് യാത്രക്കാരെ അറിയിച്ചത്.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണമെന്ന് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആവശ്യപ്പെട്ടു. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിരകയറല്‍ ആണെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്റ് എം.വിന്‍സെന്റ് എംഎല്‍എ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

ഡ്രൈവറുടെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, മേയര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. പ്രമുഖര്‍ ഉള്‍പ്പെടെ പലരും മേയറെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതികരിക്കുന്നുണ്ട്. ഭീഷണികള്‍ നിലനില്‍ക്കെ ഡ്രൈവര്‍ യദു ഇന്ന് രാവിലെ എട്ടു മണിയോടെ തന്റെ ഫോണ്‍ സ്വിച്ച് ഓഫാക്കി.

Back to top button
error: