നിലവില്‍, പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്. പാപികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തില്‍ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ പരസ്യശാസനക്ക് സമാനമായി. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു.
ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തിരുന്ന് ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണിപ്പോള്‍. കണ്ണൂരിലെ മൂന്ന് ജയരാജന്മാരില്‍ ഒന്നാമനാണ് ഇ.പി. ഒന്നാം പിണറായി സർക്കാറില്‍ രണ്ടാമനായി നിന്ന മന്ത്രിയുമായിരുന്നു. സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിന്‍റെ പാരമ്യകാലത്ത് കണ്ണൂരില്‍ പാർട്ടിയെ നയിച്ച കരുത്തൻ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി രഹസ്യചർച്ച നടത്തിയതും പോളിങ് ദിനത്തില്‍ അത് സ്ഥിരീകരിച്ചതും ഇടതുപക്ഷത്തെയാകെ ശരിക്കും ഞെട്ടിച്ചു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുകാരെ എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ച സി.പി.എം സ്വന്തം മുന്നണി കണ്‍വീനർ ബി.ജെ.പിയില്‍ ചേരാനൊരുങ്ങിയതിന് മറുപടി പറയേണ്ട അവസ്ഥയിലാണ്.
കൈവിട്ട കളിക്ക് ഇ.പിയെ പ്രകോപിപ്പിച്ചത് എം.വി. ഗോവിന്ദനുമായുള്ള മൂപ്പിളമ തർക്കമാണെന്ന് പകല്‍പോലെ ചിലർ പറയുന്നു. തനിക്കുശേഷം കണ്ണൂർ ജില്ല സെക്രട്ടറിയായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമൊക്കെയായതില്‍ ഇ.പിക്കുള്ള നിരാശയിലായിരുന്നു അസ്വാരസ്യങ്ങളുടെ തുടക്കം. എന്നാല്‍, വിശ്വസ്തൻ എന്ന നിലയില്‍ ഒടുവില്‍ പിണറായിയുടെ സംരക്ഷണമുണ്ടാകുമെന്നാണ് സി.പി.എമ്മിനകത്തുള്ള സംസാരം.