മലപ്പുറം: സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ ഹര്‍ഷം വീട്ടില്‍ മോഹനകൃഷ്ണന്‍ (74) അന്തരിച്ചു. തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണന്‍ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി. ഏറെക്കാലം പ്രവാസിയായിരുന്നു.
മലയാളിയുടെ സിനിമാ അഭിരുചികളിലേക്ക് അതിഭാവുകത്വങ്ങളില്ലാത്ത വേഷങ്ങളിലൂടെ നിറഞ്ഞാടിയ മേഴത്തൂര്‍ മോഹനകൃഷ്ണനെ മലയാളിപ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. രണ്ടുപതിറ്റാണ്ടിലധികം മലയാളസിനിമയുടെ സ്‌ക്രീനില്‍ തനതായ സാന്നിധ്യമുറപ്പിച്ച നടനായിരുന്നു അദ്ദേഹം. വള്ളുവനാടന്‍ പശ്ചാത്തലത്തിലുള്ള സിനിമകള്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്ന തൊണ്ണൂറുകളിലാണ് മോഹനകൃഷ്ണനും സിനിമയുടെ ലോകത്തേക്കെത്തുന്നത്.
സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തുനിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ലോഹിതദാസ് സംവിധാനംചെയ്ത ‘കാരുണ്യ’ത്തില്‍ മുരളി അവതരിപ്പിച്ച പ്രധാനാധ്യാപക കഥാപാത്രത്തിന്റെ നിസ്വനും ഹൃദയാലുവുമായ ചേട്ടന്‍, ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയില്‍ തഹസില്‍ദാറായി ചാര്‍ജെടുക്കാന്‍ വരുന്ന ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെയും നന്ദിനി അവതരിപ്പിച്ച ഉദ്യോഗസ്ഥയുടെയും ഇടയില്‍പ്പെട്ടുപോയ പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എ്ന്നീ വേഷങ്ങള്‍ ശ്രദ്ധേയമാണ്.
തൃത്താല ഹൈസ്‌കൂളിലെ മുന്‍ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, അപര്‍ണ. മരുമക്കള്‍: സമര്‍ജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം).
സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ നടത്തി.