KeralaNEWS

വയനാട്ടില്‍ വോട്ടിന് കിറ്റ്; പ്രതിക്കൂട്ടില്‍ ബി.ജെ.പി

കല്‍പറ്റ: വയനാട്ടില്‍ ആദിവാസി കോളനികളില്‍ വോട്ടുതട്ടാൻ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ബി.ജെ.പി പ്രതിക്കൂട്ടില്‍.

കല്‍പറ്റ, സുല്‍ത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലാണ് കിറ്റ് വിതരണം നടന്നത്. ജില്ലയില്‍ ഇത്തരത്തില്‍ വിതരണത്തിന് തയാറാക്കിയ 1767 കിറ്റുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. തെക്കുംതറയിലെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്ന് വ്യാഴാഴ്ച 167 കിറ്റുകള്‍ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.

ചട്ടപ്രകാരം തുടർനടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദേശം നല്‍കിയതായി തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടർ അറിയിച്ചു. ബുധനാഴ്ച കൊട്ടിക്കലാശം അവസാനിച്ചതിന് ശേഷം രാത്രി 9.30ഓടെ സുല്‍ത്താൻ ബത്തേരിയിലെ മൊത്തവിതരണ കടയില്‍നിന്ന് 1500ഓളം ഭക്ഷ്യക്കിറ്റുകള്‍ ലോറിയില്‍ കൊണ്ടുപോകുന്നത് യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു.

Signature-ad

പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി, ബിസ്‌കറ്റ്, സോപ്പുപൊടി തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയുമുണ്ട്.

ബി.ജെ.പി പ്രവർത്തകനാണ് കടയില്‍ കിറ്റുകള്‍ക്ക് ഓർഡർ നല്‍കിയത്. ബത്തേരി മലബാർ സൂപ്പർമാർക്കറ്റ്, കല്‍പറ്റ ഷാലിമാർ, മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിലെ നെഹ്ദ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളില്‍നിന്ന് കിറ്റുകള്‍ക്കായി ഓർഡർ നല്‍കിയതും വിതരണം ചെയ്തതും ബി.ജെ.പി പ്രവർത്തകരാണെന്നാണ് ആരോപണം. കെല്ലൂരിലെ കടയില്‍ ഓർഡർ നല്‍കിയത് ബി.ജെ.പി മുൻ മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരമാണെന്ന് യു.ഡി.എഫ് കലക്ടർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വോട്ടുയന്ത്രം സീല്‍ ചെയ്യലില്‍ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ ഏജന്റായി പങ്കെടുത്തത് ഷിംജിത്തായിരുന്നു.

പിടിച്ചെടുത്ത കിറ്റുകള്‍ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ നിയന്ത്രണത്തിലാണുള്ളത്. മൂന്നിടങ്ങളിലെ കിറ്റ് വിതരണത്തിന് പിന്നിലും ബി.ജെ.പിയാണെന്നും സ്ഥാനാർഥി കെ. സുരേന്ദ്രന്റെയും തെരഞ്ഞെടുപ്പ് ഏജന്റിന്റെയും മേല്‍നോട്ടത്തിലാണ് ഇതെന്നും ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ പറഞ്ഞു.

Back to top button
error: