തൃശ്ശൂര്‍ ഒളരി ശിവരാമപുരം കോളനിയിയിലെ വീടുകളില്‍ പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയാണ് പോലീസിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ വൈകീട്ട് ബി ജെ പി പ്രവർത്തകർ വീടുകളിലെത്തി ഒരു വീടിന് 500 രൂപ വീതം നല്‍കി എന്ന പരാതിയിലാണ് നടപടി.
രണ്ടു ബിജെപി പ്രവർത്തകരാണ് ശിവരാമപുരം കോളനിയിലെത്തി പണം നല്‍കിയത്. നാട്ടുകാർ എത്തിയതോടെ ബിജെപിക്കാർ മുങ്ങി.
120 വീടുകളുള്ള പട്ടിക ജാതി കോളനിയാണ് ഒളരിക്കര ശിവരാമപുരം കോളനി. ഇവിടത്തെ രണ്ടു വീട്ടമ്മമാർക്കാണ് നിശബ്ദ പ്രചാരണത്തിൻ്റെ മറവില്‍ ബിജെപി പ്രവർത്തകരെത്തി പണം നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
രണ്ടു ബിജെപി പ്രവർത്തകരാണ് തങ്ങളുടെ വീട്ടിലെത്തി അഞ്ഞൂറു രൂപ നോട്ട് നല്‍കിയതെന്ന് ചക്കനാരി വീട്ടില്‍ ലീല, അടിയാട്ട് വീട്ടില്‍ ഓമന എന്നിവർ പറഞ്ഞു.തുടർന്നാണ് അന്വേഷണത്തിന് ജില്ലാകളക്ടർ ഉത്തരവിട്ടത്.