തൃശൂര്‍: കുന്നംകുളത്ത് ഹോട്ടലില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ ചത്ത എട്ടുകാലി. സംഭവത്തില്‍ മരത്തംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഹോട്ടലാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്.
യുവതി ഓര്‍ഡര്‍ ചെയ്ത മസാലദോശ കഴിക്കുന്നതിനിടയിലാണ് ഇതില്‍ നിന്നും ചത്ത എട്ടുകാലിയെ ലഭിച്ചത്. തുടര്‍ന്ന് സംഭവം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ച യുവതി കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.സ്ഥലത്തെത്തിയ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എസ് ഷീബ, പി.പി വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി.
പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കുന്ന സാഹചര്യത്തില്‍ മേഖലയില്‍ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.