KeralaNEWS

ബത്തേരിയിലെ 1500 ‘ഭക്ഷ്യകിറ്റുകൾ’‍ ബിജെപിയുടേതെന്ന് ഉറപ്പായി, ഏറ്റുപിടിച്ച് കെ സുരേന്ദ്രന്‍

വയനാട്ടിലെ ബത്തേരിയില്‍നിന്ന് പൊലീസ് പിടികൂടിയ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യകിറ്റുകള്‍ ബി.ജെ.പിയുടേതെന്ന് ഉറപ്പായി. വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ (ബുധൻ) രാത്രി 8 മണിയോടെ ഭക്ഷ്യ കിറ്റുകള്‍ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്.

ബത്തേരിയിലെ ഒരു ക്ഷേത്രഭാരവാഹികളാണ് കിറ്റ് വിതരണം ചെയ്തത് എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സുരേന്ദ്രൻ്റെ ന്യായീകരണം. രാഹുല്‍ ഗാന്ധിയുടെ വക ചാരായം കൊടുക്കുന്നതൊന്നും വാര്‍ത്തയാകുന്നില്ല. ആരോ പപ്പടവും പയറും കൊണ്ടുപോയി എന്നുപറഞ്ഞാണ് ബിജെപിയുടെ മേല്‍ കുതിര കയറുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

ഒരു കിറ്റിന് 279 രൂപ വരുന്ന ഇത് വാങ്ങിയിരിക്കുന്നത് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍ നിന്നാണ്. ഒരു കിലോ പഞ്ചസാര, ബിസ്‌കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റര്‍ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്.

വാഹനത്തില്‍ കയറ്റിയപ്പോഴാണ് കിറ്റുകള്‍ പിടികൂടിയത്. ആവശ്യസാധനങ്ങള്‍ക്കൊപ്പം വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്ത കിറ്റുകളില്‍ ഉണ്ട്. ഇത് എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവറുടെ നിലപാട്. വാഹനം കസ്റ്റഡിയിലെടുത്തു. ഇത് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിന് കൈമാറുമെന്ന്  പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആദിവാസി കോളനികളില്‍ വിതരണം ചെയ്യാന്‍ ബി ജെ പി തയ്യാറാക്കിയതാണ് കിറ്റുകളെന്ന്  ആരോപിച്ച് യു ഡി എഫും എല്‍ ഡി എഫും രംഗത്തെത്തിയിരുന്നു. പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ഇരുമുന്നണികളും ആരോപിച്ചു. നേരത്തെയും 800 കിറ്റുകള്‍ കൂടി കയറ്റി പോയിരുന്നത്രേ.

വയനാട്ടിലെ ആദിവാസി വിഭാഗത്തെ അപമാനിക്കുന്നതിനാണ് ഇത്തരമൊരു ആരോപണം യുഡിഎഫും എല്‍ഡിഎഫും നടത്തുന്നതെന്നു കെ. സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണം ബിജെപിക്കെതിരെയല്ല, ആദിവാസി ഗോത്ര സമൂഹത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അവരോട് മാപ്പുപറയാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നാളെ കഴിയും. ഈ ഒരു കളങ്കം ആദിവാസി സമൂഹത്തിന് മേല്‍ ചാര്‍ത്തുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. 200 രൂപയുടെ കിറ്റ് കൊടുത്താല്‍ അവര്‍ വോട്ട് ചെയ്യുമെന്നാണോ നിങ്ങള്‍ കണക്കാക്കുന്നത്? അങ്ങേയറ്റം വേദനാജനകമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. അതിന് ആദിവാസി ഗോത്ര സമൂഹം തക്കാതായ മറുപടി നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: