ന്യൂഡല്‍ഹി: സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്കാന് വേണ്ടി 100 കോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരന്‍ രാജ്യം വിട്ടെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. 5 കോടി രൂപ വീതമായിരുന്നു ഓരോ സ്ഥാനാര്‍ത്ഥിക്കും നല്‍കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ അയാള്‍ രാജ്യം വിട്ടെന്നും നന്ദകുമാര്‍ വ്യക്തമാക്കി. അനില്‍ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് പുറത്തുവിടാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം എത്താത്തത് കാരണം പല മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട പണം ഇല്ല. ഈ സംഭവം നടന്നത് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലായിരുന്നു എന്നും നന്ദകുമാര്‍ വ്യക്തമാക്കി. ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് 2014ല്‍ പത്ത് ലക്ഷം രൂപ നല്കി തിരിച്ചുനല്‍കാത്ത സംഭവവും നന്ദകുമാര്‍ വെളിപ്പെടുത്തി. പണം നല്‍കിയതിന്റെ ബാങ്ക് രസീതും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. പണം തിരികെ നല്‍കണമെന്ന് ശോഭ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ തരാം എന്നാണ് അവര്‍ പറഞ്ഞത്.
‘കോണ്‍ഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ച് പണമില്ലാതെയാക്കി. ഇതോടൊപ്പം ബിജെപിക്ക് കേരളത്തിലേക്ക് പണം വരുന്ന അക്കൗണ്ടും പൂട്ടിപ്പോയി. അതുകാരണം ബിജെപിയുടെ പണം വന്നില്ല. കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അയച്ച പണം എത്തിയില്ല. കൊടകരയില്‍ അല്ല, കൊടകരയ്ക്ക് മുമ്പ് വച്ച് ആ പണം പോയി. അത് എത്തിയിരുന്നെങ്കില്‍ എന്റെ പത്ത് ലക്ഷം കിട്ടിയേനെ. കേരളത്തിന് മുന്‍പുള്ള സംസ്ഥാനത്ത് വച്ച് കൊണ്ടുവന്ന പണം പോയി’- നന്ദകുമാര്‍ ആരോപിച്ചു.