KeralaNEWS

അനീഷ് മുയിപ്പോത്ത് വിടവാങ്ങി, കടത്തനാടന്‍ തെയ്യ സമൂഹത്തിന് തീരാ നഷ്ടം

ബാബുരാജന്‍ ചാക്ക്യേരി

വടകര: പ്രമുഖ തെയ്യം കലാകാരൻ
മുയിപ്പോത്ത് ചെറിയ
പൊയിൽ മീത്തൽ
അനീഷ് കുമാറിൻ്റെ (49) വിയോഗം
ഞെട്ടലോടെയാണ് തെയ്യ പ്രേമികളും സമൂഹവും കേട്ടത്. ചെറുപ്രായത്തില്‍ അച്ഛന്‍ ചന്തുപണിക്കരുടെ കൈപിടിച്ചിറങ്ങിയതാണ് ചെണ്ട വാദ്യവുമായി അനീഷ്. ക്രമേണ തെയ്യം ചുവടുകള്‍ സ്വായത്തമാക്കി . കടത്തനാടില്‍ നിറഞ്ഞാടിയ ഈ യുവാവ് പിന്നീട് കോഴിക്കോട് ,കണ്ണൂര്‍ , മലപ്പുറം ജില്ലകളില്‍ വിവിധ ക്ഷേത്രങ്ങളില്‍ കൊട്ടിയാടി. ഏവർക്കും ആകസ്മികമായിരുന്നു ആ വേർപാട്. ചെറിയ കാലയളവില്‍ അനീഷ് ഉണ്ടാക്കിയെടുത്ത സ്നേഹബന്ധങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തേങ്ങലായി ഒഴുകിയെത്തി:

Signature-ad

”ഒരു ദേശത്തിന്‍റെ ദൈവത്തെ തന്നിലൂടെ ആവാഹിച്ച് നാടിന്‍റെ ദേവനായ പ്രിയകല്ലാടി ബാക്കിവെച്ചത് ഒരു പാട് കാവുകളിലെ കലശങ്ങളും തെയ്യപ്രേമികളുടെ മനസ്സില്‍ നൊമ്പരത്തിന്‍റെ ചായില്യ ചുവപ്പുമാണ് ”

തെയ്യ പ്രേമിയും തെയ്യം ഫോട്ടോഗ്രാഫറുമായ പി.എന്‍ അരുണിന്‍റെ വാക്കുകളിൽ സ്നേഹാർദ്രതകൾ നിറഞ്ഞൊഴുകി. താന്‍ കെട്ടിയാടുന്ന സ്വരൂപത്തിന്‍റെ ഉടയാടകളും ചമയങ്ങളും കുറ്റമറ്റതായിരിക്കണം എന്നത് അനീഷിന്  നിര്‍ബന്ധമാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അനീഷും മകനും ചേര്‍ന്ന് ചാത്തോത്ത് മീത്തല്‍ ക്ഷേത്രത്തില്‍ കെട്ടിയാടിയ വിഷ്ണുമൂര്‍ത്തി തെയ്യം പുതിയ അനുഭവമായിരുന്നു. ചെണ്ട വാദ്യത്തിന്‍റെ മേള പ്രമാണിയായ അനീഷ് നല്ലൊരു മേള സംഘത്തെ രൂപപ്പെടുത്തിയിട്ടുണ്ട്  . കേരളത്തിലെ പ്രഗദ്ഭരായ തെയ്യക്കാരുടെ കെട്ടിയാട്ടത്തിന് അനീഷും സംഘവും മേളം ഒരുക്കിയിട്ടുണ്ട് . 123 ക്ഷേത്രങ്ങളില്‍ വിവിധ ദൈവകോലങ്ങള്‍ അനീഷ് കെട്ടിയാടിയിട്ടുണ്ട്.

ഉറുണിക്കുന്ന് ക്ഷേത്രത്തിലെ ഗുളികന്‍ വെളളാട്ടത്തിലൂടെയാണ് അരങ്ങേറ്റം. കുട്ടിച്ചാത്തന്‍, ഗുളികന്‍, കാളി, വസൂരിമാല, അഗ്നിഭൈരവന്‍ തുടങ്ങിയ മിക്ക ദൈവങ്ങളുടെയും തലപാളി അണിഞ്ഞിട്ടുണ്ട് . അഴിയൂര്‍, ഒഞ്ചിയം പ്രദേശത്ത് തെയ്യം കെട്ടിയാടിയ അനീഷിന്‍റെ വിയോഗം കുടുംബത്തിനും തെയ്യ പ്രേമികള്‍ക്കും തീരാ നഷ്ടമാണ്.

Back to top button
error: