NEWSWorld

ഹമാസ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് വീഴ്ച; ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാജി നല്‍കി

ജറുസലേം: ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേല്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ ആഹറോണ്‍ ഹലീവ രാജിവച്ചു. ആക്രമണം മുന്‍കൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തില്‍ വ്യക്തമാക്കി. പിന്‍ഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയില്‍ തുടരും. ഉന്നത സൈനികപദവികളില്‍നിന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 7നു പുലര്‍ച്ചെ തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു സൈനിക മേധാവിയുടെ രാജി.

അതേസമയം, ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 104 പേര്‍ക്കു പരുക്കേറ്റു. ഒക്ടോബര്‍ 7നുശേഷം ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 34,151 ആയി ഉയര്‍ന്നു. 77,084 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിലെ കൂട്ടക്കുഴിമാടത്തില്‍നിന്നു കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 283 ആയി. കഴിഞ്ഞ മാസം ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരാണിവര്‍. ജറുസലമില്‍ ഇന്നലെ രാവിലെ നടപ്പാതയിലേക്ക് കാറോടിച്ചു കയറ്റി 3 ഇസ്രയേലുകാരെ പരുക്കേല്‍പിച്ച സംഭവത്തില്‍ 2 പലസ്തീന്‍ യുവാക്കള്‍ അറസ്റ്റിലായി.

അതേസമയം, കൊളംബിയ സര്‍വകലാശാലയുടെ ന്യൂയോര്‍ക്ക് സിറ്റി ക്യാംപസില്‍ സര്‍വകലാശാല പ്രസിഡന്റിനെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം 4 ദിവസം പിന്നിട്ടതോടെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. വ്യാഴാഴ്ച പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ നൂറിലേറെ വിദ്യാര്‍ഥികളെ ക്യാംപസില്‍ കടന്ന് പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെയാണു സമരം. പ്രസിഡന്റ് മിനോഷ് ഷഫീഖിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: