KeralaNEWS

മുസ്ലിം സമുദായം ആർക്ക് വോട്ട് ചെയ്യും…? കേരളത്തിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ  ജയപരാജയങ്ങൾ അത് തീരുമാനിക്കും

   കേരളത്തിലെ 27 ശതമാനത്തോളം വരുന്ന മുസ്ലീം സമുദായത്തിൻ്റെ വോട്ടുകളാകും  ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ  സ്ഥാനാർത്ഥികളുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുക.    ഭയത്തോടെയാണ്  ബിജെപി ഭരണത്തെ മുസ്ലിം സമുദായം നോക്കി കാണുന്നത്. ഒരു പാർട്ടി കേന്ദ്ര ഭരണം കയ്യാളുമ്പോൾ ഒരു സമുദായം ഭയത്തോടെ ജീവിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഒരു കത്തോലിക്കാ ബിഷപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി ഭരിക്കുന്ന തന്ത്രമാണ് ബി.ജെ.പി  വച്ചു പുലർത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് പരാതി.

Signature-ad

പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയതുൾപ്പെടെയുള്ള പല കാര്യങ്ങളിലും മുസ്ലിം സമുദായത്തിൻ്റെ താല്പര്യങ്ങൾ പരിഗണിച്ചില്ല. പൗരത്വ ബിൽ ഭേദഗതിയ്ക്കെതിരെ മുസ്ലിം വിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് സി.പി.എമ്മും ഇടതുമുന്നണിയും ശക്തമായ പിന്തുണ നൽകിയെങ്കിലും അവർക്ക് ഇതിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് സംശയിക്കുന്നവരാണ് പലരും.
മാത്രമല്ല ദേശീയ തലത്തിൽ ഇടതുമുന്നണിക്കോ സി.പി.എമ്മിനോ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റില്ലെന്ന് ഏവർക്കും അറിയാം. കാരണം, ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ് ഇടതു മുന്നണിയും സി.പി.എമ്മും ഒക്കെ.

ചുരുക്കം ചില എം.പി മാരെ കിട്ടിയില്ലെങ്കിൽ അവർക്ക് ദേശീയ പാർട്ടിയെന്ന പദവിയും ഇപ്പോഴത്തെ ചിഹ്നവും ഒക്കെ നഷ്ടപ്പെടാം. അത്രയെ ഉള്ളു ഇടതുപക്ഷത്തിൻ്റെ സ്വാധീനം.

മുസ്ലിം സമുദായം ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി പ്രതീക്ഷയോടെ കാണുന്നത് കോൺഗ്രസിനെ തന്നെയാണ്. അതിനാൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് മുസ്ലിങ്ങളിൽ ഏറെയും. കോൺഗ്രസിന് മാത്രമേ ദേശീയ തലത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളുവെന്ന് അവർ വിശ്വസിക്കുന്നു.

  കോൺഗ്രസിനെ  ദേശീയതലത്തിൽ തങ്ങളുടെ രക്ഷകരായി അവർ കാണുന്നു. അതിനാൽ തന്നെ ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ  പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന താല്പര്യത്തിനു പുറത്ത് മുസ്ലിം സമുദായം ഒറ്റക്കെട്ടായി വോട്ട് ചെയ്തു. കേരളത്തിൽ യു.ഡി.എഫ് 20 ൽ 19 സീറ്റും കരസ്ഥമാക്കി. സി.പി.എം തട്ടകമായ വടകര സീറ്റിൽ പോലും കെ.മുരളീധരൻ ജയിച്ചതും മണ്ഡലത്തിലെ മുസ്ലിങ്ങൾ ഒന്നടങ്കം വോട്ട് ചെയ്തതുകൊണ്ടാണ്.

ഇക്കുറി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല, മറിച്ച് പൗരത്വ ബില്ലിനെതിരെ ആയിരിക്കും മുസ്ലിം സമുദായത്തിൻ്റെ വോട്ട്. പൗരത്വ ഭേദഗതാ ബിൽ ഇവിടെ നടപ്പാക്കാതിരിക്കണമെങ്കിൽ കോൺഗ്രസ് വന്നേ മതിയാകു എന്ന് ചിന്തിക്കുന്ന മുസ്ലിങ്ങൾ  യു.ഡി.എഫിന് വോട്ട് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അതുകൊണ്ട് തന്നെ കേരളത്തിലെ ആ 27 ശതമാനത്തോളം വരുന്ന വോട്ടുകളായിരിക്കും ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുക. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കൊടുങ്കാറ്റ് ആഞ്ഞ് വീശുമോ…? അത് അറിയാൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.

Back to top button
error: