IndiaNEWS

തെലങ്കാനയിലെ സ്കൂള്‍ തകര്‍ത്ത സംഭവം; ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തിരിച്ചടി

ഹൈദരാബാദ്: തെലങ്കാനയിലെ സെയ്ന്റ് മദർ തെരേസ സ്കൂള്‍ ഹനുമാൻസേന തകർത്ത സംഭവം ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പുസമയത്തു തിരിച്ചടിയായി മാറുന്നു.

സംഭവത്തില്‍ സ്കൂളധികൃതർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് കേസ്. തെലങ്കാന ഭരിക്കുന്നത് കോണ്‍ഗ്രസാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തില്‍ തിരഞ്ഞെടുപ്പു പര്യടനത്തിലാണ്.

ക്രൈസ്തവസഭകളും ബി.ജെ.പി.യും തമ്മിലുള്ള ബന്ധം മോശമായിരിക്കേയാണ് പുതിയ സംഭവം. അക്രമികള്‍ക്കെതിരേ കേസെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസും പഴികേള്‍ക്കും. എല്‍.ഡി.എഫ്. ഇതു പ്രചാരണരംഗത്ത് ഉപയോഗിക്കുമെന്നുറപ്പ്.

ഹൈദരാബാദില്‍നിന്ന് 225 കിലോമീറ്റർ അകലെ ലക്ഷേട്ടിപ്പേട്ട് എന്ന സ്ഥലത്തുള്ള സ്കൂളാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത്.വൻജനക്കൂട്ടം എത്തി സ്കൂള്‍ അടിച്ചുതകർക്കുകയും മാനേജർ ഫാ. ജയ്‌മോൻ ജോസഫിനെ (ജയ്‌സണ്‍) ആക്രമിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു. കഴുത്തില്‍ കാവിഷാളിട്ട് തിലകം ചാർത്തിച്ചു.

ക്ഷമപറഞ്ഞാല്‍ പ്രശ്നം തീർക്കാമെന്നു പറഞ്ഞതനുസരിച്ച്‌ വൈദികനെ പോലീസ് സാന്നിധ്യത്തില്‍ മട്ടുപ്പാവിലേക്കു കൂട്ടിക്കൊണ്ടുപോയി ക്ഷമ പറയിച്ചു. എല്ലാവരും കേള്‍ക്കുന്നതിനു വേണ്ടിയെന്നു പറഞ്ഞാണ് മുകളിലേക്കു കൊണ്ടുപോയത്. അക്രമികള്‍ മദർ തെരേസയുടെ പ്രതിമ തകർക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: