മൊഹാലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് അഞ്ചാം വിജയം.
ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ആദ്യം പന്തെറിയാനാണ് സഞ്ജു തീരുമാനിച്ചത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് രാജസ്ഥാൻ ബൗളർമാർ പഞ്ചാബിനെ വലിഞ്ഞുമുറുക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും തുടക്കത്തിൽ പതറി. തനൂഷ് കോട്യാന് 24 റൺസെടുക്കാൻ 31 പന്ത് വേണ്ടിവന്നു. ജയ്സ്വാൾ 39 റൺസും സഞ്ജു 18 റൺസും റിയാൻ പരാഗ് 23 റൺസുമെടുത്ത് പുറത്തായി.വിക്കറ്റുകൾ തുടരെ വീണതോടെ പഞ്ചാബ് മത്സരം മെല്ലെ പിടിമുറുക്കുകയായിരുന്നു.
എന്നാൽ അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ഷിമ്രോൺ ഹെറ്റ്മയർ കളം നിറഞ്ഞതോടെ രാജസ്ഥാൻ മത്സരത്തിലേക്ക് വീണ്ടും തിരികെയെത്തി. വിൻഡീസ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാന് മൂന്ന് വിക്കറ്റ് വിജയം നേടിക്കൊടുത്തു. 10 പന്തിൽ 27 റൺസുമായി ഹെറ്റ്മയർ പുറത്താകാതെ നിന്നു.ഒരു പന്ത് മാത്രം ശേഷിക്കെയായിരുന്നു രാജസ്ഥാന്റെ വിജയം.