രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ബാനറിന് കീഴിലായി നേതാക്കള്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും ഇന്ത്യാ സഖ്യത്തിനെ ആർ എസ് എസ് പിന്തുണയ്ക്കുമെന്നുമാണ് പറയുന്നത്.ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ബിജെപി വിരുദ്ധ ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്
വീഡിയോ വ്യാജമല്ലെങ്കിലും കേരളത്തിലെ ബിജെപി വിരുദ്ധർ ആഘോഷിക്കുന്നത് പോലെ ഡോ. മോഹൻ ഭാഗവത് സർസംഘചാലക് ആയുള്ള രാഷ്ട്രീയ സ്വയം സേവക് സംഘ് അല്ല ഈ വാർത്താ സമ്മേളനം നടത്തിയത് എന്നതാണ് വാസ്തവം.
ആവാസ് ഇന്ത്യ ടിവി എന്ന യൂട്യൂബ് ചാനലിലാണ് ഈ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പബ്ലിഷ് ചെയ്തിട്ടുള്ളത്. മാർച്ച് 24നാണ് നാഗ്പൂരില്‍ ഈ വാർത്താസമ്മേളനം സംഘടിപ്പിച്ചത്. ജനാർദൻ മൂണ്‍ എന്ന വ്യക്തിയാണ് വൈറലായ വീഡിയോയില്‍ ബിജെപിയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍, ബിജെപിയുടെ പ്രത്യയശാസ്ത്ര പിൻബലമായ ആർഎസ്‌എസുമായി ജനാർദൻ മൂണിനോ അദ്ദേഹത്തിന്റെ ആർഎസ്‌എസിനോ യാതൊരു ബന്ധവുമില്ല.
ജനാർദ്ദൻ മൂണ്‍ 2017ല്‍ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്) എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് അതിൻ്റെ പ്രസിഡൻ്റായി സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. 2017 സെപ്റ്റംബറില്‍ സംഘടന നാഗ്പൂർ ചാരിറ്റി കമ്മീഷണർക്ക് രജിസ്ട്രേഷനായി ഓണ്‍ലൈനായി അപേക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. അതിന് പിന്നാലെ ഇയാള്‍ ‘രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്)’ എന്ന പേരില്‍ ഒരു നോണ്‍-പ്രൊഫ്റ്റ് രജിസ്റ്റർ ചെയ്യുന്നതിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയും ജനാർദ്ദൻ മൂണിന്റെ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. ഇതേ പേരില്‍ ഒരു സൊസൈറ്റി നേരത്തെ തന്നെ നിലവിലുണ്ടെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
അതേസമയം, യഥാർത്ഥ രാഷ്ട്രീയ സ്വയംസേവക് സംഘം 1925-ല്‍ നാഗ്പൂരില്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗെവാർ സ്ഥാപിച്ചു, 2009-ല്‍ മോഹൻ ഭഗവത് സർസംഘചാലക് അഥവാ സംഘടനയുടെ തലവനായി നിയമിതനായി. ജനാർദൻ മൂണിൻ്റെ നേതൃത്വത്തിലുള്ള ആർഎസ്‌എസിനും മോഹൻ ഭഗവതിൻ്റെ നേതൃത്വത്തിലുള്ള ആർഎസ്‌എസിനും ഒരേ പേരും അക്ഷരവിന്യാസവും ആണെങ്കിലും അവയ്ക്ക് വ്യത്യസ്തമായ ലോഗോകളുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യൻ ബ്ലോക്കിന് പിന്തുണ നല്‍കുമെന്ന് മോഹൻ ഭാഗവതോ ആർഎസ്‌എസോ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്നുമാത്രമല്ല, അതിന് വിദൂരസാധ്യത പോലും ഇല്ലെന്നും ഇന്ത്യൻ രാഷ്ട്രീയത്തെ നോക്കികാണുന്നവർക്ക് നന്നായി അറിയുകയും ചെയ്യാം.പക്ഷെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.