തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും ഏപ്രില്‍ 26ന് വേതനത്തോടു കൂടിയ അവധി അനുവദിച്ചു.
തൊഴിലുടമകള്‍ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഐ.ടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും.
ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് അവധി ആപത്കരമാവാനോ സാരമായ നഷ്ടത്തിനോ ഇടയുള്ള സാഹചര്യങ്ങളില്‍ പകരം സംവിധാനം ഏർപ്പെടുത്തി വോട്ട് രേഖപ്പെടുത്താൻ അനുമതി നല്‍കണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് തൊഴിലുടമ വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു.