KeralaNEWS

സിബിഐ സംഘം കേരളത്തില്‍: സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാകും

     പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന്  ഹൈക്കോടതി നിര്‍ദേശിച്ചത് ഇന്നാണ്. അതിനു പിന്നാലെ ഇന്നു തന്നെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി.  സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ സംഘം എത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് സിബിഐ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. അതിന്റെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേ എന്ന് ചോദിച്ച കോടതി രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു.

വിവരശേഖരണത്തിനുശേഷം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് വിവരം. സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്
ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.

Back to top button
error: