KeralaNEWS

സ്മൃതി ഇറാനിക്ക് മലയാളികളുടെ തുറന്ന കത്ത്

ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനിരിക്കെ വയനാട്ടിൽ എത്തുന്ന അമേഠിയിലെ വികസന നായിക സ്മൃതി ഇറാനിക്ക് മലയാളികളുടെ തുറന്ന കത്ത്.
അമേഠിയിൽ നിന്നുൾപ്പെടെ ധാരാളം പേർ കേരളത്തിൽ തൊഴിലാളികളായുണ്ടെന്നും തിരികെ പോകുമ്പോൾ ഇവരെക്കൂടി ഒപ്പം കൂട്ടണമെന്നുമാണ് പ്രധാന ആവശ്യം.താങ്കൾ എംപിയായ അമേഠിയിൽ ഇപ്പോൾ വൻവികസനമാണ് നടന്നിട്ടുള്ളതെന്നാണ് ഞങ്ങളുടെ അറിവ്.അതിനാൽ തന്നെ കേരളത്തിൽ പിച്ചക്കാശിന് കൂലിപ്പണി ചെയ്യുന്ന അവർക്ക് ഇവിടെയുള്ളതിനേക്കാളും മെച്ചപ്പെട്ട ജീവിതം അവിടെ ലഭ്യമാകും എന്നാണ് കരുതുന്നത്.
അമേഠിയിൽ നിന്നും മാത്രമല്ല, മൊത്തം യുപിയിൽ നിന്നുതന്നെ ഏകദേശം 5 ലക്ഷം പേർ കേരളത്തിൽ കൂലിത്തൊഴിലാളികളായുണ്ടെന്നാണ് വിവരം.ഇക്കാര്യം പൂജനീയ യോഗിജിയേയും ഒന്നറിയിച്ചാൽ അദ്ദേഹം സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി അവരേയും ഈ‌ ‘ സൊമാലിയയിൽ’ നിന്നും തിരികെ കൊണ്ടുപോകാൻ ഒട്ടും അമാന്തിക്കില്ലെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
അതേപോലെ വടക്കേ ഇന്ത്യക്കാരായ മുപ്പത് ലക്ഷത്തിൽ കുറയാത്ത ആളുകളും തൊഴിലാളികളായി കേരളത്തിലുണ്ടെന്നാണ് കണക്ക്.കഴിഞ്ഞ ദിവസം ഇക്കൂട്ടത്തിൽ ഒരുവൻ ട്രെയിനിൽ നിന്നും ഞങ്ങളുടെ കൂട്ടത്തിലെ ഒരു ടിടിഇയെ തള്ളിയിട്ട് കൊല്ലുകയും ചെയ്തു.വടക്കേഇന്ത്യയിൽ ഇതൊരു വാർത്ത അല്ലായിരിക്കാം.പക്ഷെ ഞങ്ങൾക്കിതൊക്കെ പുതുമയുള്ള വാർത്തയാണ്.ഇതിന് തൊട്ടുമുൻപായിരുന്നു പട്ടികുരച്ചതിന് ഹൈക്കോടതി ജീവനക്കാരനെ ഒരു കൂട്ടം ആളുകൾ ചേർന്ന് കൊച്ചി നഗരത്തിൽ തല്ലിക്കൊന്നത്.താങ്കൾ കൂടി ഉൾപ്പെട്ട കേന്ദ്ര മന്ത്രിസഭയിൽ ഇക്കാര്യം ചർച്ചയ്ക്ക് എടുത്തില്ലെങ്കിലും ഇവരെ തിരികെ കൊണ്ടുപോകാൻ ഏർപ്പെടുത്തുന്ന ട്രെയിനുകൾക്ക് മതിയായ സൗകര്യങ്ങളുള്ളതാകാൻ ശ്രദ്ധിക്കണം.
സീറ്റുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ ബാഗുകൾ അടുക്കി അതിനുമുകളിലും, സാധനങ്ങൾ നിറച്ച പെയിന്റ് പാട്ടകൾക്കു മുകളിലും വരെ ഇരുന്നാണ് അവരിങ്ങോട്ട് വരുന്നത്.എന്തിനേറെ വിസർജ്യത്തിന്റെയും വിയർപ്പിന്റെയും ഗന്ധം തങ്ങിനിൽക്കുന്ന അഴുക്കുനിറഞ്ഞ ശുചിമുറിക്ക് പുറത്തുപോലും യാത്രക്കാർ കൂട്ടം കൂടി ഇരിക്കുന്നു.ക്ളോസറ്റിലെ കാര്യം പറയുന്നില്ല. വാഷ് ബേസിൻ നിറയെ മുറിക്കി തുപ്പിയ ചുവന്ന കറയും പാൻ മസാലയുടെ കവറുകളും. പൈപ്പിലൂടെ വെളളം ഇറ്റി വീഴുന്നു. അറപ്പ് തോന്നുന്ന, അത്രക്കും മലിനമായ ഇടത്തുപോലും  മനുഷ്യർ കിടക്കുകയും ഇരിക്കുകയും ചെയ്യുന്നു. നിങ്ങൾക്കാർക്കും ഇതൊരു പ്രശ്നമല്ലെങ്കിലും ഇത് കാണുന്ന ഞങ്ങൾ മലയാളികളുടെ സങ്കടം വളരെ വലുതാണ്.നേരിട്ട് ഇവിടെ നിന്നും അങ്ങോട്ടേക്ക് വന്ദേഭാരത് ട്രെയിനുകൾ ഇല്ലാത്തതിനാൽ അവർക്കായി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം.ഇവിടെ റിസർവേഷൻ എടുത്ത ദീർഘദൂര യാത്രക്കാർ പോലും ട്രെയിനിലെ അഥിതി തൊഴിലാളികളുടെ കഷ്ടപ്പെട്ട് കണ്ട് ട്രെയിനിൽ കയറാതെ ഒഴിഞ്ഞുമാറുന്നത് നിത്യ സംഭവമാണ്.കാലുകുത്താൻ ഇടമില്ലാതെ ഒറ്റക്കാലിലാണ് പലരുടെയും നിൽപ്പ്.അങ്ങനെ ട്രെയിൻ മിസ്സായി കൃത്യസമയത്ത് എത്താതിരുന്നതിനാൽ ഞങ്ങളിൽ പലരെയും ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്.അത് സാരമില്ല.എല്ലാം നല്ലതിന് വേണ്ടിയാണല്ലോ…
അവസാനം ഒരു അഭ്യർത്ഥന കൂടി… മാഡം ഇത്തവണ അമേഠിയോടൊപ്പം വയനാട്ടിലും മത്സരിക്കണം.വികസനവിരുദ്ധൻ രാഹുൽ ഗാന്ധിയെ നമുക്ക് ഇവിടെ നിന്നും കെട്ട്കെട്ടിക്കണം.അമേഠിയിലെ വികസനപ്പെരുമഴ വയനാട്ടിലും കൊണ്ടുവരണം.അത് കണ്ട് സകല കൊങ്ങി – അന്തം കമ്മികളും നാണിച്ച് തലതാഴ്ത്തണം.പിന്നീട് വയനാടൻ മലയിൽ മാത്രമല്ല കേരളത്തിന്റെ സകല താഴ് വാരങ്ങളിലും തീരപ്രദേശങ്ങളിലും താമര മാത്രമേ വിരിയുകയുമുള്ളൂ .. ഇത് ഞങ്ങളുടെ ഉറപ്പ്!

Back to top button
error: