മലപ്പുറം: വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്തീൻ മകൻ അബ്ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 18 ചൊവ്വാഴ്ചയാണ് വീട്ടുവളപ്പിലെ കുളത്തിൽ അബ്ദുറഹ്‌മാനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പൊലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. നാട്ടുകാരെത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണപ്പെട്ടത് എന്ന് കണ്ടെത്തി. അതോടെ അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഇയാൾക്ക് ഭൂമികച്ചവടവും മറ്റു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതിനാൽ ആ വഴിക്കും അന്വേഷണം നടത്തി. അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു.
അതിനിടെയാണ് അബ്ദുറഹ്മാനും മകൻ മുഹമ്മദ് അൻവറും തമ്മിൽ വീട്ടിൽ വച്ച് പതിവായി കലഹം നടക്കാറുണ്ട് എന്ന് പൊലീസിനു സൂചന ലഭിച്ചത്. തുടർന്ന് അൻവറിനെ ചോദ്യം ചെയ്തു. അൻവറിന്റെ ചികിത്സക്കുള്ള പണം അബ്ദുറഹ്മാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അൻവർ പിതാവായ അബ്ദുറഹിമാനെ കഴുത്തിന് പിടിച്ച് അമർത്തിയതിൽ ശ്വാസം കിട്ടാതെ മരണപ്പെടുകയുമായിരുന്നു എന്ന് വ്യക്തമായി. മരണം ഉറപ്പ് വരുത്തിയ ശേഷം അബ്ദുറഹ്മാന്റെ മൃതദേഹം എടുത്ത് കൊണ്ടു പോയി വീടിന് പിൻ വശത്തെ കുളത്തിൽ തള്ളി. തുടർന്ന് പിതാവിനെ കാണാനില്ല എന്ന് പറഞ്ഞ് ബന്ധുക്കളെ ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്തു.
മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മനോജ്. ടി, പോലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്തത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.