പാറത്തോട് ഗ്രാമത്തിൻ്റെ മുക്കിനും മൂലയ്ക്കും ‘മണിച്ചേട്ട’നുണ്ട്. കുടുംബവഴക്ക് തീർക്കാൻ, അതിർത്തി തർക്കങ്ങളിൽ അനുരഞ്ജനത്തിന്, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നു വേണ്ട നാട്ടുകാരുടെ ഒപ്പമാണ് മണിച്ചേട്ടൻ എന്ന കെ.കെ ശശികുമാറിൻ്റെ ജീവിതം. പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗമായ ഇദ്ദേഹം ഇപ്പോഴും ദുരിത പാതയിലൂടെയാണ് സ്വന്തം ജീവിതം മുന്നോട്ടു നയിക്കുന്നത്.
52 വര്‍ഷമായി ചെത്തുതൊഴിലാളിയാണ് 66കാരനായ ശശികുമാര്‍. നാട്ടുകാര്‍ സ്‌നേഹപൂര്‍വം മണിച്ചേട്ടനെന്ന് വിളിക്കുന്ന ഇദ്ദേഹം 14-ാം വയസ്സിലാണ് ചെത്തുതൊഴിലിനിറങ്ങിയത്. എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ 8.30 വരെ തെങ്ങിലും പനയിലും കയറി കള്ള് ചെത്തും. ഇതിനുശേഷം വാര്‍ഡിലെ ആവശ്യങ്ങള്‍ക്കായി ഇറങ്ങും.
വൈകുന്നേരം വീണ്ടും പഞ്ചായത്തംഗത്തിന്റെ കുപ്പായം അഴിച്ചുവെച്ച് ചെത്താനിറങ്ങും.
”പഞ്ചായത്തംഗമായപ്പോഴും ചെത്തുതൊഴില്‍ ഉപേക്ഷിച്ചില്ല. ഇപ്പോള്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായെങ്കിലും ആ തൊഴില്‍ തുടരും”
പാറത്തോട് കുറുമാക്കല്‍ കെ.കെ ശശികുമാര്‍ പറയുന്നു. ഇന്നലെയാണ് (ശനി) ഇദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്.
1972-ല്‍ എസ്.എഫ്.ഐ പ്രവർത്തകനായാണ് പൊതുരംഗത്തെത്തുന്നത്. 1976-ല്‍ സി.പി.എം അംഗത്വം ലഭിച്ചു. 1991-ല്‍ ലോക്കല്‍ കമ്മിറ്റിയംഗമായി. 52 വര്‍ഷമായി പൊതുരംഗത്തുണ്ട്. സി.പി.എം. പാറത്തോട് ലോക്കല്‍ കമ്മിറ്റിയംഗം, കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ഏരിയ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിലെ പി.ടി.എ പ്രസിഡൻ്റായിരുന്നു 12 വർഷക്കാലം മണിച്ചേട്ടൻ. അൺ എക്കണോമിക് ലിസ്റ്റിൽ പെടുത്തി ഗവൺമെൻ്റ് പൂട്ടാനുറച്ച ഈ ഹൈസ്കൂളിനെ വിജയത്തിലേയ്ക്ക് ഉയർത്തിയതിലും മണിച്ചേട്ടൻ്റെ പങ്ക് വലുതാണ്.