അധികാരത്തോടു ചേർന്നു നിൽക്കുന്ന സ്തുതി പാഠകരെ വിശ്വസിക്കരുത്, അധികാരം നഷ്ടപ്പെടുമ്പോൾ അവസാനിക്കും ഈ സ്തുതിവചനങ്ങളും
വെളിച്ചം
തൻ്റെ കമ്പനി മുതലാളി ചെയ്യുന്ന പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ,
സ്വന്തം നിലനില്‍പ്പോര്‍ത്ത് ആ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അയാള്‍ മുതിര്‍ന്നില്ല. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു. ജോലി ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴലുമായി കൂടുതല്‍ ചങ്ങാത്തത്തിലായി.
കാലങ്ങള്‍ കടന്നുപോയി. അയാള്‍ ഒരു പുല്ലാങ്കുഴല്‍ വിദഗ്ദനായി മാറി. ഒരു ദിവസം ചെറിയൊരു സദസ്സില്‍ കൂട്ടുകാര്‍ക്കൊത്ത് അയാള്‍ പുല്ലാങ്കുഴല്‍ വായിക്കുകയായിരുന്നു. അപ്പോഴാണ് പഴയ മുതലാളി കടന്നുവന്നത്. മുതലാളിയെ കണ്ടിട്ടും അയാള്‍ തന്റെ പുല്ലാങ്കുഴല്‍ വാദനം തുടര്‍ന്നു. ഇത് കണ്ട് ദേഷ്യംവന്ന മുതലാളി അയാളോട് ചോദിച്ചു:
“തനിക്കെന്താണ് എന്നോട് ഒരു ബഹുമാനവും ഇല്ലാത്തത്…? ഒരിക്കല്‍ നീയെന്റെ പെർസണൽ സെക്രട്ടറിയായിരുന്നു.”
അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:
“അന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയായിരുന്നു. അന്ന് എന്റെ നിലനില്‍പ്പോര്‍ത്താണ് ഞാന്‍ താങ്കളെ സഹിച്ചത്. ഇന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയല്ല. എനിക്ക് താങ്കളില്‍ നിന്നും ഒന്നും നേടാനുമില്ല.”
അയാള്‍ തന്റെ പുല്ലാങ്കുഴല്‍ വാദനം തുടര്‍ന്നു.
അടിമത്തം അവസാനിപ്പിച്ചാല്‍ ആത്മാഭിമാനവും അന്തസ്സും തനിയെ ഉണരും. അനുഭാവം അന്ധമായ അടിമത്തത്തിന് കാരണാകുന്നതാണ് അഹങ്കാരികളായ അധികാരികളും ആത്മവിശ്വാസമില്ലാത്ത അണികളും ഉണ്ടാകാന്‍ കാരണം. സത്യത്തില്‍ എല്ലാവരും അധികാരത്തെയാണ് ആരാധിക്കുന്നത്, അധികാരികളെ അല്ല. അധികാരം എന്ന് ഇല്ലാതാകുന്നോ അന്ന് അവസാനിക്കും അപദാനങ്ങളും സ്തുതിവചനങ്ങളും.
അരികുപറ്റി അധികബഹുമാനം കാണിക്കുന്നവരെ അകറ്റിനിര്‍ത്തുക.
ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ