IndiaNEWS

കര്‍ണാടകയില്‍ ബി.ജെ.പിക്ക്‌ അടിപതറുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്ക്‌ അടിപതറുന്നു.ബി.ജെ.പിക്കുള്ളിലെ അന്തഃഛിദ്രം തന്നെയാണ് പാര്‍ട്ടിയുടെ ദക്ഷിണേന്ത്യന്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക തൂത്തുവാരിയ ബി.ജെ.പിക്കു നിലവില്‍ സംസ്‌ഥാനത്തു ഭരണമില്ല. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അടിപതറിയ വൊക്കലിംഗ സ്വാധീനമേഖലകളില്‍ ഇക്കുറി ജെ.ഡി.എസാണു മത്സരിക്കുന്നത്‌. ചിക്‌ബല്ലാപുര്‍ ഉള്‍പ്പെടെ പല ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക്‌ ആഭ്യന്തരകലഹം വന്‍വെല്ലുവിളിയുയര്‍ത്തുന്നു.

 ചിക്‌ബല്ലാപൂരില്‍ മുന്‍മന്ത്രി കെ. സുധാകറിനെ ബി.ജെ.പി. കഴിഞ്ഞദിവസം സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.ചിക്‌ബല്ലാപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന യെലഹങ്കയിലെ എം.എല്‍.എ: എസ്‌.ആര്‍. വിശ്വനാഥ്‌ ഈ തീരുമാനത്തില്‍ അതൃപ്‌തനാണ്‌. മകന്‍ അലോക്‌ വിശ്വനാഥനു ചിക്‌ബല്ലാപുര്‍ സീറ്റ്‌ ലഭിക്കുമെന്നായിരുന്നു വിശ്വനാഥിന്റെ പ്രതീക്ഷ.

Signature-ad

സുധാകറിന്റെ സ്‌ഥാനാര്‍ഥിത്വത്തില്‍ പരസ്യമായി പ്രതിഷേധിച്ച്‌ വിശ്വനാഥിന്റെ അനുയായികള്‍ രംഗത്തുവന്നു. ബി.ജെ.പി. പതാകകളും “സുധാകര്‍ ഗോ ബാക്ക്‌” എന്നെഴുതിയ പ്ലക്കാഡുകളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ റോഡില്‍ ടയറുകള്‍ കത്തിച്ച്‌ ഗതാഗതതടസം സൃഷ്‌ടിച്ചു.
ചിക്‌ബല്ലാപുര്‍ നിയമസഭാമണ്ഡലത്തില്‍നിന്നു രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സുധാകര്‍ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയോടു തോറ്റിരുന്നു. വിശ്വനാഥ്‌ മുതിര്‍ന്ന നേതാവാണെന്നും മകനു വേണ്ടി സീറ്റ്‌ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും സുധാകര്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടി തന്നെയാണു സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചത്‌. വിശ്വനാഥുമായി സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

പരസ്‌പരം ഏറ്റുമുട്ടിയിരുന്ന തുമാകുരു മണ്ഡലത്തില്‍ സഖ്യമായി മത്സരിക്കാനുള്ള തീരുമാനം ബി.ജെ.പി, ജനതാദള്‍ (എസ്‌) പ്രവര്‍ത്തകര്‍ക്ക്‌ ഉള്‍ക്കൊള്ളാനായിട്ടില്ല. ഇവിടെ മുന്‍മന്ത്രിയും സഖ്യസ്‌ഥാനാര്‍ഥിയുമായ വി. സോമണ്ണയുടെ പ്രചാരണവേദിയില്‍ ഇരുകക്ഷികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പരാജയത്തിനു കാരണക്കാരനെന്ന്‌ ആരോപിച്ച്‌ ബി.ജെ.പി. നേതാവ്‌ കൊണ്ടാജ്‌ജി വിശ്വനാഥിനെ ജനതാദള്‍ (എസ്‌) എം.എല്‍.എ: എം.ടി. കൃഷ്‌ണപ്പ തല്ലിയതോടെയാണു സംഘര്‍ഷത്തിനു തുടക്കമായത്‌. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കര്‍ണാടകയിലെ 28 സീറ്റില്‍ 25-ലും വെന്നിക്കൊടി പാറിച്ചിരുന്നു. കോണ്‍ഗ്രസും ജെ.ഡി.എസും ഓരോ സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഒരിടത്ത്‌ സ്വതന്ത്രനാണു വിജയിച്ചത്‌.

Back to top button
error: