IndiaNEWS

വിദ്വേഷം വിതച്ച്‌ വോട്ടുകള്‍ കൊയ്ത  ശോഭ കരന്ത്‍ലാജെക്ക് ഇത്തവണ പിഴച്ചു; ബംഗളൂരു നോർത്തിലേക്കുള്ള മാറ്റം മാപ്പ് പറച്ചിലോടെ; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ 

ബംഗളൂരു:  കർണാടക തീര ജില്ലകളിലെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് തലസ്ഥാനത്തെയും തള്ളിയിടാനുള്ള നിയോഗവുമായാണ് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്‍ലാജെ ഇത്തവണ ബംഗളൂരു നോർത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയത്.

 കോവിഡ് കാലത്ത് മുസ്‍ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തി നാണംകെട്ട ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയും കരന്ത്‍ലാജെക്ക് കൂട്ടായുണ്ട്.എന്നാൽ ഇവിടെ ഇരുവർക്കും പിഴച്ചു.

Signature-ad

ബംഗളൂരു കഫേ സ്ഫോടനവുമായി തമിഴരെ അധിക്ഷേപിച്ചതിന് മാപ്പുപറയേണ്ടിവന്നു ശോഭ കരന്ത്‍ലാജെക്ക്. ബാങ്കുവിളി സമയം ഹനുമാൻ സ്തോത്രം ശബ്ദം കൂട്ടി വെച്ചത് ചോദ്യം ചെയ്ത സംഭവം അവർ മതവിദ്വേഷ ആയുധമാക്കുകയായിരുന്നു.എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയതോടെ മാപ്പ് പറയേണ്ടി വന്നു അവർക്ക്.

എന്നാൽ സ്റ്റാലിൻ അയഞ്ഞില്ല.ഒടുവിൽ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്ക്  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശവും നൽകി.

തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന അവരുടെ പരാമര്‍ശത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിയിരുന്നു.പരമാര്‍ശത്തില്‍ ശോഭയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസുമെടുത്തിരുന്നു.ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍ മധുര സിറ്റി പൊലീസാണ് കേന്ദ്ര മന്ത്രിയ്ക്കെതിരെ കേസെടുത്തത്.

കർണാടകയുടെ തീരദേശ ജില്ലയില്‍ മാപ്പർഹിക്കാത്ത വിദ്വേഷ പ്രചാരണമായിരുന്നു അവരുടെ ശൈലി. വിദ്വേഷം വിതച്ച്‌ വോട്ടുകള്‍ കൊയ്ത ശോഭ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തില്‍ വിജയം ആവർത്തിച്ചു.എന്നാൽ വികസനം മറന്ന വിദ്വേഷ പ്രചാരണം മടുത്ത ബി.ജെ.പി അണികള്‍ ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തില്‍ ശോഭക്കെതിരെ പരസ്യമായി രംഗത്തിറങ്ങി. ഇതിന്റെ ഫലമാണ് ബംഗളൂരു നോർത്തിലേക്കുള്ള  മാറ്റം.

മുസ്‌ലിം ജിഹാദികള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ പട്ടികയുമായി അവർ ഒന്നാം മോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്ത് ഏറെ ചർച്ചയായിരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇടം നേടിയ ഉഡുപ്പി ജില്ലയില്‍ കാർക്കള താലൂക്കില്‍ ഇഡു ഗ്രാമത്തിലെ അശോക് പൂജാരി (32) ഇപ്പോഴും പാട്ട് കച്ചേരികളില്‍ സജീവമായി ജീവിതം നയിക്കുകയാണ്.

ഇവരുടെ നിലപാടിനോടുള്ള വിയോജിപ്പുമായി ചിക്ക്പേട്ട മണ്ഡലം ബി.ജെ.പി എം.എല്‍.എ ഉദയ് ഗരുഡാചർ രംഗത്തുവന്നു. നഗരപേട്ടയില്‍ മൊബൈല്‍ കടയിലുണ്ടായ സംഭവത്തിന് സാമുദായിക നിറം നല്‍കിയതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതവിഭാഗങ്ങളും സമാധാനത്തിലും സൗഹാർദത്തിലും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുറച്ചുകാലമായി ബംഗളൂരു നഗരത്തെ വിദ്വേഷ രാഷ്ട്രീയത്തിലാഴ്ത്താൻ ബി.ജെ.പി തുടങ്ങിവെച്ച ശ്രമങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍.

പള്ളിയിലെ ബാങ്കിന്റെ സമയത്ത് ഹനുമാൻ ചാലിസ വച്ചതിന് ഹിന്ദുവായ കടയുടമയെ മുസ്ലിംങ്ങള്‍ മർദിച്ചുവെന്ന് ആരോപിച്ച്‌ പ്രകടനം നടത്തുന്നതിനിടെ കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ളവരെ കർണാടക പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

കടയുടമയെ മർദ്ദിച്ച പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും ഉണ്ടെന്ന്  ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.പള്ളിയില്‍ ബാങ്ക് വിളിച്ച സമയത്ത് ഹനുമാൻ ചാലിസ വച്ചതിനല്ലെന്നും ഇയാള്‍ കടയില്‍ ഉച്ചത്തില്‍ പാട്ടു വച്ചതോടെ മറ്റ് കച്ചവടക്കാർ ഇടപെടുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.മാർച്ച്‌ 17ന് നഗറത്ത്‌പേട്ടിലായിരുന്നു സംഭവം.

കൃഷ്ണ ടെലികോം ഉടമ മുകേഷ് മർദിക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.ഇതിനെ തുടർന്ന് നഗറത്ത്‌പേട്ടിലെ ഇടുങ്ങിയ തെരുവുകളില്‍ നിരവധി ഹിന്ദു അനുകൂല സംഘടനകള്‍ പ്രതിഷേധം നടത്തിയത് പ്രദേശത്തെ വ്യാപാരത്തെയും ബാധിച്ചിരുന്നു.

തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു ശോഭ കരന്ദലജെയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ശോഭ കരന്ദലജെ ആരോപിച്ചിരുന്നു.

Back to top button
error: