KeralaNEWS

മലയാളി ജവാൻ മരിച്ചത് പരേഡ് ഗ്രൗണ്ടില്‍ ഓടുന്നതിനിടെ; ഒരു മാസത്തിനുള്ളിൽ മരിച്ചത്  മലയാളികളായ മൂന്ന് സൈനികർ

തിരുവനന്തപുരം: പരിശീലനത്തിനിടെ മലയാളി ജവാൻ കുഴഞ്ഞുവീണ് മരിച്ചു.ജമ്മുകശ്മീരിലെ കുപ്വാരയിലാണ് സംഭവം.
 തിരുവനന്തപുരം കരമന സ്വദേശിയായ സി.ആർ.പി.എഫ്.ജവാൻ ജെ.ശ്രീജിത്ത്(33) ആണ് മരിച്ചത്.
കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടില്‍ ജയകുമാർ- ഗിരിജ ദമ്ബതിമാരുടെ മകനാണ്. വ്യാഴാഴ്ച രാവിലെ ക്യാമ്ബിലെ പരേഡ് ഗ്രൗണ്ടില്‍ ഓടൂന്നതിനിടെ ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

യൂണിറ്റിലെ മെഡിക്കല്‍ സംഘം പരിശോധന നടത്തി കുപ്വാരയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാർക്കു ലഭിച്ച വിവരം.2010ലാണ് ശ്രീജിത്ത് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രേണുക. മക്കള്‍: ഋത്വിക് റോഷൻ, ഹാർത്തിക് കൃഷ്ണ.

Signature-ad

കഴിഞ്ഞ ദിവസം മലയാളി ജവാൻ മുംബൈയിൽ തീവണ്ടി അപകടത്തില്‍ മരിച്ചിരുന്നു.കൊല്ലം താഴത്തുകുളക്കട സുദർശനത്തില്‍ എസ്.അഖില്‍ബാബുവാണ് മരിച്ചത്.

ചെന്നൈയിൽ നിന്നും പുതിയ ജോലിസ്ഥലമായ ലഡാക്കിലെ യൂണിറ്റിലേക്ക് മടങ്ങവേ കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.40-ന് മഹാരാഷ്ട്രയിലെ നവി മുംബൈ പൻവേല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു അഖില്‍ ബാബുവിന് അപകടം സംഭവിച്ചത്. പുറത്തിറങ്ങിയ അഖില്‍ബാബു തിരികെ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീഴുകയായിരുന്നു.

ഇതിന് പുറമെ മാർച്ച് 12 ന് ജമ്മു കശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തിരുന്നു.പാലക്കാട് പുതുപ്പരിയാരം സ്വദേശി വിപിനാണ് മരിച്ചത്.27 വയസ്സായിരുന്നു.

ഇതിന് 20 ദിവസം മുമ്പാണ് വിപിൻ അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് മടങ്ങിയത്.എട്ട് വർഷം മുമ്പാണ് വിപിൻ ഇന്ത്യൻ ആർമിയിൽ ചേർന്നത്

Back to top button
error: