വയനാട്: പനമരത്തുനിന്ന് പതിന്നാലുവയസ്സുകാരി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍. പനമരം സി.കെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തങ്കമ്മയുടെ രണ്ടാം ഭര്‍ത്താവ് വിനോദി (29) നെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും നാടോടികളാണ്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചമുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് തൃശ്ശൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ സഹായത്തോടെയാണ് തൃശ്ശൂര്‍ പാലപ്പെട്ടി വളവ് എന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ വീടിനുസമീപത്താണ് തങ്കമ്മയുടെ സഹോദരിയുടെ വീട്. അവിടെ അവര്‍ ഇടയ്ക്കുവന്ന് താമസിക്കാറുണ്ട്. അങ്ങനെയാണ് ഇവര്‍ കുട്ടിയെ പരിചയപ്പെട്ടത്. വിനോദ് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസിലും പ്രതിയാണ്.