KeralaNEWS

കോട്ടയത്ത് ഏറ്റുമുട്ടുന്നത് മൂന്നു മുന്നണികളുടെയും ഘടകകക്ഷികള്‍

കോട്ടയം: റബര്‍ രാഷ്‌ട്രീയത്തിന്‌ ഏറെ പ്രാധാന്യമുളള കോട്ടയം മണ്ഡലത്തില്‍ ഇത്തവണ ഇടത്തും വലത്തും കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുമ്ബോള്‍ വോട്ടര്‍മാരുടെ മനസ്‌ റബറിനേക്കാള്‍ വലിഞ്ഞുമുറുകും. കരുത്തുകാട്ടാന്‍ എന്‍.ഡി.എ. കൂടി സജീവമായതോടെ മീനച്ചൂടിനെ വെല്ലുന്ന ചൂടിനാണു കോട്ടയം മണ്ഡലം സാക്ഷ്യം വഹിക്കുന്നത്‌.
മൂന്നു മുന്നണികളുടെയും ഘടകകക്ഷികള്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇത്തവണ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിനുണ്ട്‌. കേരള കോണ്‍ഗ്രസിലെ എം.പിമാരായിരുന്ന തോമസ്‌ ചാഴികാടനും ഫ്രാന്‍സിസ്‌ ജോര്‍ജുമാണ്‌ ഇടതിനും വലതിനുമായി വേണ്ടി ഇവിടെ ഏറ്റുമുട്ടുന്നത്‌. ബി.ഡി.ജെ.എസ്‌. സംസ്‌ഥാന അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയാണ്‌ എന്‍.ഡി.എയ്‌ക്കു വേണ്ടി  പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്‌.
 എല്‍.ഡി.എഫില്‍നിന്നു വിജയിച്ച ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ഇത്തവണ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായും യു.ഡി.എഫില്‍നിന്നു വിജയിച്ച തോമസ്‌ ചാഴികാടന്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായും ഗോദയിലിറങ്ങുന്നവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്‌.
 യു.ഡി.എഫിനു വളക്കൂറുള്ള മണ്ണാണ്‌ കോട്ടയം. എന്നാല്‍ യു.ഡി.എഫിനു മേൽക്കൈയുള്ള മണ്ഡലത്തില്‍ പലപ്പോഴും എല്‍.ഡി.എഫ്‌. വിജയക്കൊടി പാറിച്ചിട്ടുണ്ട്‌.കഴിഞ്ഞ തവണ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ്‌ ചാഴികാടന്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ സഹകരണ വകുപ്പ്‌ മന്ത്രിയുമായ വി.എന്‍ വാസവനെയാണ്‌ ചാഴികാടന്‍ പരാജയപ്പെടുത്തിയത്‌. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വൈക്കത്ത്‌ മാത്രമാണ്‌ ഇടതുമുന്നണിക്ക്‌ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്‌.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്തിന്‌ പുറമേ ഏറ്റുമാനൂരില്‍ കൂടി ഇടതുമുന്നണിക്ക്‌ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ബാക്കിയുളള അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫിന്റെ കൈവശമാണ്‌.
കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവയാണു യു.ഡി.എഫ്‌. മണ്ഡലങ്ങള്‍. തോമസ്‌ ചാഴികാടന്റെ സ്വീകാര്യതയാണു എല്‍.ഡി.എഫിന്റെ തുറുപ്പുചീട്ട്‌. എം.പി.എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ചാഴികാടന്‌ തുണയാകുമെന്ന്‌ എല്‍.ഡി.എഫ്‌ കണക്കുകൂട്ടുന്നു. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട്‌ ചെലവഴിച്ചതില്‍ സംസ്‌ഥാനത്ത്‌ ഒന്നാമതെത്താന്‍ കഴിഞ്ഞതിലുളള അംഗീകാരം തെരഞ്ഞെടുപ്പില്‍ ജനം  നല്‍കുമെന്നാണ്‌ ഇടതുക്യാമ്ബ്‌ വിലയിരുത്തുന്നത്.

Signature-ad

അതേസമയം കഴിഞ്ഞ തവണ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച ആള്‍ ഇത്തവണ ഇടതുമുന്നണിക്കായി മത്സരിക്കുന്നതിനെതിരേ ജനരോക്ഷം ഉണ്ടാകുമെന്നാണ്‌ യു.ഡി.ഫിന്റെ കണക്കുകൂട്ടല്‍. അതോടൊപ്പം കേരള കോണ്‍ഗ്രസ്‌ സ്‌്ഥാപക ചെയര്‍മാന്‍ കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ യു.ഡി.എഫിന്‌ വേണ്ടി മത്സരിക്കുന്നത്‌ ഗുണകരമാകുമെന്ന പ്രതീക്ഷയും യു.ഡി.എഫ്‌. വെച്ചുപുലര്‍ത്തുന്നു.

ബി.ഡി.ജെ.എസ്‌. സംസ്‌ഥാന അധ്യക്ഷന്‍ തന്നെ കോട്ടയത്ത്‌ മത്സരിക്കുന്നത്‌ ചരിത്രം സൃഷ്‌ടിക്കാനാണെന്നാണ്‌ എന്‍.ഡി.എയുടെ അവകാശവാദം. കേന്ദ്രം ഭരിക്കാന്‍ സാധ്യതയുള്ള മുന്നണിയുടെ പ്രതിനിധി വിജയിക്കണമെന്ന്‌ ജനം ചിന്തിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അത്‌ തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്നും എന്‍.ഡി.എ നേതാക്കള്‍ പറഞ്ഞു. നന്ദ്രേമോദിക്ക്‌ അനുകൂലമായ ഒരു തരംഗം നിലനില്‍ക്കുന്നുണ്ടെന്നും അത്‌ വോട്ടായി മാറുമെന്നുമാണ് എന്‍.ഡി.എ. ക്യാമ്ബിന്റെ പൊതുവേയുള്ള വിലയിരുത്തൽ.

Back to top button
error: