പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പത്തനംതിട്ടയിലെത്തിയ ദിവസം ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തില്‍ അംഗങ്ങൾ ജനറല്‍ കമ്മിറ്റി കൂടിയത് പാർട്ടിക്കുള്ളില്‍ വിവാദമാകുന്നു.
കമ്മറ്റി നടത്തരുതെന്ന പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശം തള്ളിയാണ് യോഗം ചേർന്നത്.
പ്രധാനമന്ത്രി പങ്കെടുത്ത ദിവസം തന്നെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തില്‍ കമ്മിറ്റി ചേർന്നതിൽ ജില്ലാ നേതൃത്വം മുതല്‍ ബിജെപി സംസ്ഥാന നേതൃത്വം വരെ കടുത്ത അതൃപ്തിയിലാണ്. എന്നാല്‍ മുൻകൂട്ടി തീരുമാനിച്ച കമ്മറ്റിയാണെന്നും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തീയതി മാറ്റിയതാണ് പ്രശ്നമായതെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിശദീകരിച്ചത്.
പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ പാർട്ടിയില്‍ രൂക്ഷമായിരിക്കുന്ന വിഭാഗീയതയാണ് കുളനടയില്‍ പ്രകടമായതെന്നാണ് സൂചന.നേരത്തെ വിഷയത്തിൽ പരസ്യമായി പ്രതിഷേധിച്ച കർഷക മോർച്ച നേതാവിനെ പുറത്താക്കിയിരുന്നു.