IndiaNEWS

ശരണ്യ തോരാക്കണ്ണീരോടെ കാത്തിരിക്കുന്നു, കണവനെയും കൺമണിയേയും കാണാനായി; പക്ഷേ… നിത്യദു:ഖമായി പരിണമിച്ച ഒരു ഫാമിലി ടൂർ

    ശരണ്യ  ആശുപത്രിയിൽ കിടന്ന് ഹൃദയഭേദകമായി വിലപിക്കുകയാണ്. ഭർത്താവിനെയും കുഞ്ഞിനെയും കാണെന്നമെന്നാണ് ആവശ്യം. ഭർത്താവ് അഭിനാഷ് മൂർത്തിയും മകൻ തൻവിക്കും എന്നന്നെയ്ക്കുമായി വിട പറഞ്ഞു പോയത് ആ യുവതി അറിഞ്ഞിട്ടില്ല.

ഇടുക്കി മാങ്കുളത്ത് നടന്ന വാഹനാപകടത്തിൽ ഭർത്താവും കുഞ്ഞും മരിച്ചതറിയാതെ അടിമാലിയിലെ ആശുപത്രിയിൽ ഇരുവരെയും കാത്ത് കിടക്കുകയാണ് ശരണ്യ. തേനി സ്വദേശികളായ അഭിനാഷും ശരണ്യയും മകൻ ഒന്നര വയസുകാരൻ തൻവിക് വെങ്കടും ഒന്നിച്ചാണു വിനോദസഞ്ചാരത്തിന് പുറപ്പെട്ടത്. വാഹനം അപകടത്തിൽ പെട്ടതോടെ മൂവരും കൂട്ടം പിരിഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചത് തൻവിക്കിനെ ആണ്. പിന്നീട് മറ്റ്  വാഹനങ്ങളിലായി അഭിനേഷിനെയും ശരണ്യയെയും കൊണ്ടുവന്നു.

മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചത് ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ്. തേനി സ്വദേശികളായ അഭിനാഷ് മൂർത്തി (30), മകൻ തൻവിക് (1), ഗുണശേഖരൻ (70), ഈറോഡ് വിശാഖ വെറ്റൽസ് ഉടമ പി.കെ സേതു (34) എന്നീ 4 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.

വാഹനത്തിലുണ്ടായിരുന്നത് 14 പേരാണ്. അഭിനാഷിൻ്റെ ഭാര്യ ശരണ്യ (24), അറുമുഖം (63),  വൈഗ (12), ഗീത (30), രൺവീർ (6), സന്ധ്യ വല്ലി (35), പ്രസന്ന (39), ദേവ ചന്ദ് (9), ജ്യോതി മണി (65), അന്ന പുഷ്പം (55), ഡ്രൈവർ ഒബ്ളി രാജ് (36) എന്നിവരെ അടിമാലിയിലും തൊടുപുഴയിലും കോലഞ്ചേരിയിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

  നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇറക്കവും കൊടുംവളവും നിറഞ്ഞ ഇവിടെ മുമ്പും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

മകനും ഭർത്താവും മരിച്ചതറിയാതെ ഇരുവരെയും കാണണമെന്നു ശരണ്യ അലമുറയിട്ടെങ്കിലും ഇരുവരും വേർപിരിഞ്ഞ വിവരം ഇവർ ഇനിയും അറിഞ്ഞിട്ടില്ല. കുട്ടി അടിമാലി താലൂക്ക് ആശുപത്രിയിൽ വച്ചും ഭർത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയിൽ വച്ചുമാണ് മരിച്ചത്. ശരണ്യ അടിമാലി സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത് ഇതൊന്നുമറിയാതെയാണ്.

ആനന്ദ പ്രഷർ കുക്കർ കമ്പനിയിൽ നിന്നുള്ള ഫാമിലി ടൂർ ആണ്  ദുരന്തത്തിൽ അവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും അവരുടും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. മാങ്കുളത്തുനിന്ന് ആനക്കുളത്തേക്കു വരുന്ന വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ 30 അടി താഴ്ചയുള്ള കൊക്കയിലേക്കു മറഞ്ഞത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തിയെങ്കിലും വാഹനം വളരെ താഴെ കിടന്നതു കൊണ്ട് രക്ഷാപ്രവർത്തനം ദുഷ്കരമായി. മുക്കാൽ മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ സാധിച്ചത്

  തേനിയില്‍ നിന്നും ഇന്നലെയാണ് ഇവര്‍ വിനോദസഞ്ചാരത്തിനായി പുറപ്പെട്ടത്. മാങ്കുളം ആനക്കുളത്തെത്തുകയായിരുന്നു ലക്ഷ്യം. ഡ്രൈവര്‍ക്ക് വഴി പരിചയമില്ലാത്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: