MovieNEWS

രൂപമാറ്റംകൊണ്ട് ഞെട്ടിച്ച് രണ്‍ദീപ് ഹൂഡ; സവര്‍ക്കറാകാന്‍ കുറച്ചത് 18 കിലോ ഭാരം

ന്റെ പുതിയ ചിത്രമായ സ്വതന്ത്ര വീര്‍ സവര്‍ക്കറുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് നടന്‍ രണ്‍ദീപ് ഹൂഡ. രണ്‍ദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമകൂടിയാണിത്. കഴിഞ്ഞദിവസം രണ്‍ദീപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

സവര്‍ക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രണ്‍ദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രണ്‍ദീപ് കുറച്ചത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാപാനി ജയിലിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള രണ്‍ദീപിന്റെ ലുക്ക് ആണിതെന്നാണ് വിലയിരുത്തല്‍.

ചിത്രം പുറത്തുവന്നതിനുപിന്നാലെ രണ്‍ദീപിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിനുവേണ്ടി ക്രിസ്റ്റ്യന്‍ ബെയ്ല്‍ നടത്തിയ രൂപമാറ്റത്തിന് തുല്യമാണിതെന്നാണ് പലരും വിശേഷിപ്പിച്ചത്. ബോളിവുഡിന്റെ ക്രിസ്റ്റ്യന്‍ ബെയ്‌ലെന്നും ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ബെയ്‌ലെന്നും ആരാധകര്‍ കമന്റ് ബോക്‌സില്‍ പ്രതികരണമറിയിച്ചു.

2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. എന്നാല്‍, 2022 ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി. ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആര്‍ ഭക്തി ക്ലെന്‍, മാര്‍ക്ക് ബെന്നിങ്ടണ്‍, അമിത് സിയാല്‍ എന്നിവര്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 22 ന് ചിത്രം റിലീസ് ചെയ്യും.

Back to top button
error: