ന്യൂഡല്‍ഹി:പൗരത്വനിയമഭേദഗതിയില്‍ അഭിപ്രായം പ്രകടിപ്പിച്ച അമേരിക്കയെ തള്ളി ഇന്ത്യ. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന അമേരിക്കയുടെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് വിദേശകാര്യ വക്താവ് രണ്‍ദീർ ജയ്സ്വാള്‍ പ്രതികരിച്ചത്.
അമേരിക്കയുടെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് വിമർശിച്ച അദ്ദേഹം ഇന്ത്യയുടെ ബഹുസ്വര പാരമ്ബര്യത്തെക്കുറിച്ചും വിഭജനത്തിനുശേഷമുള്ള ചരിത്രത്തെക്കുറിച്ചും നിങ്ങൾക്കെന്തറിയാമെന്നും ചോദിച്ചു.
അമേരിക്കയുടെ അഭിപ്രായപ്രകടനം അനാവശ്യവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമുള്ളതാണ്. പൗരത്വം നല്‍കുന്നതിനെ സംബന്ധിച്ചതാണ് പൗരത്വനിയമം, അല്ലാതെ പൗരത്വം എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ടല്ല. മനുഷ്യാവകാശവും മാനുഷികമായ അന്തസ്സും നല്കുന്നതാണത്- രണ്‍ദീർ ജയ്സ്വാള്‍ പറഞ്ഞു.
പൗരത്വനിയമഭേദഗതി വിജ്ഞാപനത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും നിയമം അന്താരാഷ്ട്ര തലത്തില്‍ രാജ്യം പാലിക്കേണ്ട മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്ന് സംശയിക്കുന്നതായും അമേരിക്ക നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.