തിരുവനന്തപുരം: 40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിന് ശക്തിയുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞ് ശരി ദൂരത്തിലേക്ക് മാറുമെന്നും ലത്തീന്‍ സഭ പ്രഖ്യാപിച്ചു.
പ്രശ്നാധിഷ്ഠിത നിലപാട് എടുക്കുമെന്ന് മുന്നണികളെ അറിയിച്ചിട്ടുണ്ട്. മുന്നണികളുടെ തീരുമാനം അറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്.
സമദൂരത്തില്‍ നിന്ന് മാറാനാണ് സഭയുടെയും കത്തോലിക്ക അസോസിയേഷനെയും തീരുമാനം എന്ന് ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് അഡ്വ. ഷെറി വ്യക്തമാക്കി.
ലത്തീന്‍ സഭ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാടു പ്രഖ്യാപിക്കുമെന്ന തീരുമാനം വരുന്നതിനു മുമ്പായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.
ആകെ 199 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ഈ കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്.