Social MediaTRENDING

ചിന്നക്കനാലിലെ ‘പെരിയ’ വെള്ളച്ചാട്ടം

പേര് കേട്ട് ഞെട്ടണ്ട.മൂന്നാറിനു സമീപമാണ് ചിന്നക്കനാൽ.ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്.
  ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.എന്നാൽ പൊതുവേ പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍.തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
 പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്.ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടിയും (2695 മീറ്റർ) മൂന്നാറിനടുത്താണ്.
പവര്‍ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാലും മൂന്നാറിനടുത്താണ്. കടല്‍ നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം. ചിന്നക്കനാലില്‍ നിന്നു 7 കി. മീ. യാത്ര ചെയ്താല്‍ ആനയിറങ്കല്‍ എത്താം. തേയിലത്തോട്ടങ്ങളും സ്വാഭാവിക വനങ്ങളും വലയം ചെയ്യുന്ന തടാകവും ഒരു അണക്കെട്ടും ഇവിടെയുണ്ട്.ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെയും കാണാം. ചിന്നക്കനാലും ആനയിറങ്കലും താമസ സൗകര്യങ്ങളുള്ള പ്രകൃതി സുന്ദരമായ പ്രദേശങ്ങളാണ്.
കണ്ണ് ഒന്ന് ചിമ്മാൻപോലും അനുവദിക്കാത്ത വിധമാണ് ഇവിടത്തെ കാഴ്ചകൾ. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡും അതിന്‍റെ വശങ്ങളും പിന്നെ അണക്കെട്ടും വെള്ളച്ചാട്ടങ്ങളും അതിന്‍റെ ഭംഗിയെ ഇരട്ടിപ്പിക്കുന്നു. ആനയിറങ്കല്‍ ഡാം, പെരിയകനാല്‍ വെള്ളച്ചാട്ടം, ലാക്കാട് വ്യൂ പോയന്‍റ് തുടങ്ങിയവയൊക്കെ ഈ റോഡ് യാത്രയിൽ കാണാവുന്ന മനോഹര ഫ്രെയിമുകളാണ്.
കൊച്ചി-ധനുഷ്കോടി (NH 85) ദേശീയ പാതയുടെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് ഗ്യാപ് റോഡിലാണ് ഈ‌ വൈറൽ ഡെസ്റ്റിനേഷൻ. ചിത്രകഥകളിലും സ്വപ്നങ്ങളിലും മാത്രം കണ്ടിട്ടുള്ള, എവിടെ കാമറവെച്ചാലും അതിമനോഹര ​െഫ്രയിം കിട്ടുന്ന മനംകുളിർപ്പിക്കുന്ന പ്രകൃതി ഭംഗിയുടെ വശ്യത വാരിവിതറിയ ഈ റോഡിലൂടെ ഒരു തവണയെങ്കിലും യാത്ര ഇഷ്ടപ്പെടുന്നവർ സഞ്ചരിക്കണം.
 അകമ്പടിക്ക് കോടമഞ്ഞും കൈയെത്തിപ്പിടിക്കാനാകുമെന്ന് തോന്നിപ്പിക്കുന്ന മേഘക്കൂട്ടങ്ങളും കായ്ച്ചുകിടക്കുന്ന ഓറഞ്ചും തേയിലത്തോട്ടങ്ങളും അതിനിടയിൽ പരന്നുകിടക്കുന്ന ആനയിറങ്കൽ ഡാമും ഇടക്കിടെ പാറക്കെട്ടുകൾക്കിടയിലൂടെ ദൃശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും… കേട്ടു മറന്നതും കാണാൻ കൊതിച്ചതും മനമാഗ്രഹിച്ചതും എല്ലാം ഈ റോഡ് യാത്ര നമുക്ക് തരും.

Back to top button
error: