പി.സി. ജോര്‍ജിന് പത്തനംതിട്ട ലോക്‌സഭ സീറ്റ് ലഭിക്കാതെ വരുകയും സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണം തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇടപെടലാണെന്നുള്ള പി.സിയുടെ വെടിപൊട്ടിക്കല്‍ കൂടി ആയതോടെ ബിജെപി പ്രവര്‍ത്തകരും ബിഡിജെഎസിനും തുഷാറിനും എതിരെ തിരിഞ്ഞിരിക്കുകയാണ്. പിതാവ് വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിനൊപ്പവും മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയ്‌ക്കൊപ്പവും നില്‍ക്കുന്നത് അവരുടെ കച്ചവട താത്പര്യമാണെന്നും ഒരു വിഭാഗം ബിജെപിക്കാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
കേന്ദ്ര നേതാക്കള്‍ വരുമ്ബോള്‍ മുഖം കാണിക്കാനെത്തുന്ന തുഷാര്‍, അണികളില്ലാ പാര്‍ട്ടി നേതാവാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നു. ചുളുവില്‍ എം.പി ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളെ എന്തിന് ചുമക്കണമെന്ന് തുഷാറിനെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അടക്കം പറഞ്ഞു തുടങ്ങി.
എന്തായാലും മുന്നണിയിലുണ്ടായിരിക്കുന്ന വിള്ളല്‍ തെരഞ്ഞെടുപ്പിന് ശേഷം പൊട്ടിത്തെറിയിലേക്ക് എത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപി കേന്ദ്ര നേതൃത്വവും തുഷാറിനെ കൈയൊഴിയാനാണ് സാധ്യത.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കില്‍ വീഡിയോയടക്കം പോസ്റ്റ് ചെയ്തത്. അനില്‍ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നാണ് കർഷക മോർച്ച ജില്ലാ പ്രസിഡന്റിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ നേതാവിനെ ബിജെപി പുറത്താക്കി.
എല്ലാവർക്കും താല്‍പര്യം പി.സി. ജോർജിനെ ആയിരുന്നുവെന്നും എന്നാല്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതെ അനില്‍ ആന്റണിയെ പ്രഖ്യാപിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.