KeralaNEWS

പ്രതിഷേധത്തിനിടെ തിരുവനന്തപുരത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമം 

തിരുവനന്തപുരം:  സിപിഒ റാങ്ക് ഹോള്‍ഡേഴ്സിൻ്റെ സമരത്തിനിടെ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമം.സെക്രട്ടറിയേറ്റ് മുന്നിലെ റോഡ് തടഞ്ഞ് ഉദ്യോഗാർത്ഥികളും കുടുംബവും പ്രതിഷേധം ശക്തമാക്കിയതിനിടയിലാണ് അനിഷ്ട സംഭവം.

നൂറുകണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിക്കുന്നത്. കനത്ത ചൂടില്‍ അമ്മമാർ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. സമരത്തിനിടയില്‍ ശരീരത്ത് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമിച്ചത് ആശങ്കകള്‍ക്കിടയാക്കി.

Signature-ad

ഇതിനിടെ പ്രതിഷേധക്കാരുടെ അമ്മമാരില്‍ ഒരാള്‍  കുഴഞ്ഞു വീഴുകയും ചെയ്തു. പൊലീസുകാരും ഉദ്യോഗാർത്ഥികളും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികള്‍ക്കും നിയമനം നല്‍കാതെ സമരം അവസാനിപ്പിക്കാൻ ഇല്ല എന്നാണ് പ്രതിഷേധക്കാരുടെ കുടുംബത്തിൻ്റെയും നിലപാട്.

ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രില്‍ 13ന് അവസാനിക്കും. എന്നാല്‍ ഇതുവരെ ലിസ്റ്റിലേത് പ്രകാരം 21 ശതമാനം പേർക്ക് മാത്രമെ നിയമനം നല്‍കിയിട്ടുള്ളു. കാലാവധി കഴിഞ്ഞാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളില്‍ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടി നല്‍കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

ഇന്നലെ  ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ഉപരോധം ഇപ്പോഴും തുടരുകയാണ്. തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ഉദ്യോഗാർത്ഥികള്‍ പറയുന്നത്.

അതേസമയം, ഉദ്യോഗാർത്ഥികളെ ഡിജിപി ചർച്ചയ്ക്ക് വിളിച്ചു. പ്രതിഷേധത്തിനിടയില്‍ അറസ്റ്റിലായ ഉദ്യോഗാർത്ഥികളെ പൊലീസ് വിട്ടയച്ചിട്ടുണ്ട്.

Back to top button
error: