യു.എസിലേയും ഓസ്ട്രേലിയയിലേയും ഫേസ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി. 2024 ഏപ്രില്‍ മുതലാണ് മാറ്റം അവതരിപ്പിക്കുക. യു.കെ., ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ 2023 സെപ്റ്റംബറില്‍ ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ മൂല്യം കല്‍പിക്കുന്ന ഉല്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് കമ്പനി വിശദീകരണം.
ഓസ്ട്രേലിയയിലേയും യു.എസിലേയും ഫേസ്ബുക്ക് ന്യൂസ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. വാര്‍ത്തകളേക്കാളും രാഷ്ട്രീയ ഉള്ളടക്കങ്ങളേക്കാളും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പുതിയ താല്‍പര്യങ്ങള്‍ കണ്ടെത്തുന്നതിനുമാണ് കൂടുതല്‍ ആളുകളും പ്രധാനമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു.
ന്യൂസ് ടാബ് നീക്കം ചെയ്താലും ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളിലൂടെ വാര്‍ത്തകള്‍ അറിയാനാവും. വെബ്സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളും പേജുകളും ലിങ്കുകള്‍ പങ്കുവെക്കാനാവും. റീല്‍സ് പോലുള്ള ഫീച്ചറുകളും ഉപയോഗിക്കാം. ഇതുവഴി ഉള്ളടക്കങ്ങളില്‍ നിന്നുള്ള 100 ശതമാനം വരുമാനവും മാധ്യമസ്ഥാപനങ്ങള്‍ക്ക് നിലനിര്‍ത്താനാവും.
ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ മാധ്യമങ്ങളുമായി നിലവിലുള്ള കരാറുകളെ ഈ തീരുമാനം ബാധിക്കില്ല. എന്നാല്‍ യു.എസിലും യു.കെയിലുമുള്ള കരാറുകള്‍ കാലാവധി കഴിഞ്ഞതാണ്. ഈ രാജ്യങ്ങളില്‍ പരമ്പരാഗത വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വേണ്ടി പുതിയ കരാറിലേര്‍പ്പെടില്ല. വാര്‍ത്തകള്‍ക്ക് വേണ്ടി പുതിയ ഉല്പന്നങ്ങളും നിര്‍മിക്കില്ല.
ഇതോടൊപ്പം ഫേസ്ബുക്കില്‍ വിശ്വാസയോഗ്യമായ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബദ്ധതയും ഫേസ്ബുക്ക് ഊന്നിപ്പറഞ്ഞു. തേഡ്പാര്‍ട്ടി ഫാക്ട് ചെക്കര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വസ്തുതാ പരിശോധനയ്ക്കായി 2016 മുതല്‍ 15 കോടി ഡോളര്‍ ഫേസ്ബുക്ക് ചിലവഴിച്ചിട്ടുണ്ട്.
അതേസമയം, വാര്‍ത്താ മാധ്യമങ്ങളുമായി വരുമാനം പങ്കിടണമെന്ന അധികൃതരുടെ നിര്‍ദേശത്തോടുള്ള വിയോജിപ്പാണ് കമ്പനിയുടെ ഈ നീക്കത്തിന് പിന്നില്‍. വാര്‍ത്തകളില്‍ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത പങ്ക് മാധ്യമസ്ഥാപനങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നല്‍കണം. എന്നാല്‍ ന്യൂസ് ടാബ് ഒഴിവാക്കുന്നതോടെ വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് ഒഴിവാക്കപ്പെടും. വാര്‍ത്താ ലിങ്കുകള്‍ വഴി നേരിട്ട് വെബ്സൈറ്റിലേക്ക് വായനക്കാര്‍ പോവുന്നതിനാല്‍ ഉള്ളടക്കത്തില്‍ നിന്നുള്ള വരുമാനത്തിന്റെ ഉത്തരവാദിത്വം മാധ്യമസ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും.