ന്യൂഡല്‍ഹി: തൃശൂര്‍ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം. ദിവാകരന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വകാര്യ ക്ഷേത്രം ആണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രമെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ്. സുധീറും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് സിവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തു. കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.