തിരുവനന്തപുരം: കേരളത്തിലെ കോളജുകളെ ക്രിമിനല്‍ സംഘങ്ങളുടെ താവളമാക്കി മാറ്റുന്നെന്ന് കെ.സി. വേണുഗോപാല്‍ എംപി. എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ പിണറായി വിജയനും ഉള്‍പ്പെടുമെന്നും വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളജുകളിലേക്ക് അയയ്ക്കാന്‍ ഭയപ്പെടുന്ന സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സിദ്ധാര്‍ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഉത്തരേന്ത്യയിലൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നു നമ്മള്‍ അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ് സിദ്ധാര്‍ഥന്റെ കൊലപാതകം മാറിയിരിക്കുന്നു. മൂന്നു ദിവസത്തോളം വെള്ളംപോലും കൊടുക്കാതെ ഒരു ചെറുപ്പക്കാരനെ ക്രൂരമായി ആക്രമിക്കുക, അവസാനം ആത്മഹത്യ ചെയ്ത നിലയില്‍ അവനെ കാണപ്പെടുക… എസ്എഫ്‌ഐയില്‍ ചേരാന്‍ വിസ്സമ്മതിച്ചതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണു സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞത്.
നമ്മുടെ ഹോസ്റ്റലുകളൊക്കെ പാര്‍ട്ടി ഗ്രാമങ്ങളായി മാറി. പഠിക്കാന്‍ മിടുക്കാനായ സിദ്ധാര്‍ഥിനെ എസ്എഫ്‌ഐയുടെ ഭാഗമാക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യത്തിലാണ് പൈശാചിക കൊലപാതകം നടത്തിയത്. ക്യാംപസുകളില്‍ റാഗിങ് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എസ്എഫ്‌ഐ ക്യാംപസുകളെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളെപ്പോലെ ആള്‍ക്കൂട്ട അക്രമത്തിന്റെ വേദികളാക്കി. അതിനെതിരെ നടപടിയെടുക്കാനോ അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറംലോകത്തോട് പറയാനോ അധ്യാപകരോ ഡീനോ തയാറാക്കുന്നില്ല. നിര്‍ഭയത്തോടെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുറന്ന് പറയാന്‍ അധ്യാപക സമൂഹം തയാറാകണം. അധ്യാപകസമൂഹവും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്.
എസ്എഫ്‌ഐ ഒരു ക്രിമിനല്‍ സംഘമായി വളര്‍ന്നു വരാനുള്ള സാഹചര്യമൊരുക്കിയത് പിണറായി വിജയനാണ്. എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമാക്കി വളര്‍ത്തി, തന്റെ അഴിമതിയും രാഷ്ട്രീയ ജീര്‍ണതയും സര്‍ക്കാരിന്റെ ചീത്തപ്പേരും മറച്ചുപിടിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയന്‍. അക്രമകാരികള്‍ക്കും ക്രിമിനലുകള്‍ക്കും ജീവന്‍രക്ഷാ പരിവേഷം നല്‍കി, അക്രമം നടത്തിവന്നാല്‍ അവരെ മാലയിട്ടു സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും സിദ്ധാര്‍ഥന്റെ കൊലപാതകം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിപ്പട്ടികയിലാണ്. സിപിഎമ്മിന്റെ ക്രിമിനല്‍ കൂട്ടങ്ങളുടെ മുന്നില്‍ ഭിക്ഷയാചിച്ച് നില്‍ക്കേണ്ട ഗതികേടിലാണോ കേരളീയ സമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യം.
എത്രയോ അമ്മമാരുടെ കരച്ചില്‍ ഇപ്പോള്‍ കേരളത്തില്‍ ഉയരുന്നുണ്ട്. കോളജുകളിലേക്കു കുട്ടികളെ അയച്ചാല്‍ അവര്‍ ജീവനോടെ തിരിച്ചുവരുമോ എന്നതിനു വ്യക്തമായ ഒരു ചിത്രമില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോളജുകള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളങ്ങളായി മാറി. തങ്ങളുടെ കൂടെ നില്‍ക്കാത്തവരെ ഒരു ക്രിമിനല്‍ സംഘം പീഡിപ്പിക്കുകയും അക്രമിക്കുകയും കൊല്ലുകയും ചെയ്യുമ്പോള്‍, ആ ക്രിമിനല്‍ സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കാന്‍, അവര്‍ എന്തു ചെയ്താലും സംരക്ഷണം നല്‍കാന്‍, ഏതു കൊല നടത്തി വന്നാലും കൊലയാളികള്‍ക്കു രക്ഷയുണ്ടാകുമെന്ന സന്ദേശം കൃത്യമായി കൊടുക്കാന്‍ ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നുണ്ട്. ആ ധൈര്യമാണ് അവരെ ഇതൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെ ഓര്‍ത്ത് ലജ്ജിക്കുകയാണ്” വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.