കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് യാത്രാക്കൂലി ഗണ്യമായി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുർറഹ്മാൻ നൽകിയ കത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,65,000 രൂപ ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റിലേക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42,000 രൂപയാണ് കുറച്ചത്. ഇതോടെ കരിപ്പൂർ വഴിയുള്ള നിരക്ക് 1,23,000 രൂപ ആയി കുറയുമെന്ന് മന്ത്രി അബ്ദുർറഹ്മാന്റെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍ ഇടതടവില്ലാതെയും സമയബന്ധിതവുമായും നടപടി സ്വീകരിച്ചു വരുന്നതായും സംസ്ഥാനം 2023-ല്‍ ആവശ്യപ്പെട്ടതനുസരിച്ച് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യം 2024-ലും നിലനിര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യാത്രാക്കൂലി കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാനം ആവശ്യപ്പെട്ട കാര്യം അനുഭാവപൂര്‍വ്വം പരിഗണിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ വിളിച്ച ടെണ്ടറുകളില്‍ ക്വാട്ടുകള്‍ ലഭിക്കുന്നത് വിവിധ സാങ്കേതിക കാര്യങ്ങൾ മുന്‍നിര്‍ത്തി ആണെന്നും അതാണ് കോഴിക്കോട്ട് നിന്നുള്ള നിരക്ക് ഉയരാൻ ഇടയാക്കിയതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയും തീര്‍ത്ഥാടകരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ് യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതെന്നും കേന്ദ്ര മന്ത്രിയുടെ മറുപടിയിൽ പറയുന്നു.