ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ ചേരും. 100 സ്ഥാനാര്‍ഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചനനല്‍കി. കേരളത്തിലെ ചില സ്ഥാനാര്‍ഥികളെയും തീരുമാനിച്ചേക്കും.
പ്രധാനമന്ത്രി വാരാണസിക്കുപുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍കൂടി മത്സരിക്കുമോ എന്നതിലാണ് ആകാംക്ഷ. വെള്ളിയാഴ്ചയായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ഭൂപേന്ദ്ര യാദവ്, സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഒ.ബി.സി. മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ. കെ. ലക്ഷ്മണന്‍, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ഇഖ്ബാല്‍ സിങ് ലാല്‍പുര, ഡോ. സുധാ യാദവ്, ഡോ. സത്യനാരായണ്‍ ജതിയ, ഓം പ്രകാശ് മാഥൂര്‍, മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍.
2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്ത മണ്ഡലങ്ങളാണ് വ്യാഴാഴ്ച സമിതി പരിഗണിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് നീക്കം. പ്രകടനപത്രിക തയ്യാറാക്കാനായി ജനങ്ങളില്‍നിന്ന് അഭിപ്രായം തേടിക്കൊണ്ടുള്ള പ്രചാരണ പരിപാടികളും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്.