കായിക കേരളം ഉറ്റു നോക്കുന്ന കൊച്ചിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. ജിസിഡിഎ കണ്ടെത്തിയ ഭൂമിയിലാണ് കെ സി എ ബി സി സി ഐയുടെ സഹായത്തോടെ അന്താരാഷ്ട്ര സ്റ്റേഡിയവും സ്‌പോര്‍ട്‌സ് സിറ്റിയും കൊണ്ടു വരുന്നത്. പദ്ധതി പ്രദേശത്ത് ചെങ്ങാമനാട് പഞ്ചായത്തും ജിസിഡിഎയും ചേര്‍ന്ന് വിശദ നഗരാസൂത്രണ പദ്ധതി നടപ്പിലാക്കും. നിലവില്‍ അംബേദ്കര്‍ സ്റ്റേഡിയം നില നില്‍ക്കുന്ന എട്ട് ഏക്കര്‍ സ്ഥലത്ത് ലോകോത്തര നിലവാരത്തിലുള്ള മള്‍ട്ടി സ്‌പോര്‍ട്‌സ് കോര്‍ട്ടുകളും കോംപ്ലക്‌സുകളും നിര്‍മ്മിക്കുന്ന സ്പോര്‍ട്‌സ് സിറ്റി പദ്ധതിയാണ് മറ്റൊരു ആകര്‍ഷണം.
കലൂര്‍ ജവാര്‍ഹര്‍ലാല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിച്ച് ഫുട്ബാള്‍ ടര്‍ഫ് തകരാറിലാകാതെ തന്നെ കായികേതര പരിപാടികള്‍ക്ക് വിട്ട് നല്‍കും. ഇതിലൂടെ വരുമാനവും ജിസിഡിഎ ലക്ഷ്യമിടുന്നുണ്ട്. ഇതിന് വേണ്ടി 8 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയത്.
ഇടത്തരം വരുമാന വിഭാഗങ്ങള്‍ക്ക് വാടക വീടുകളും ഓഫീസ് കെട്ടിടങ്ങളും ലഭ്യമാക്കുന്നതിന് റെന്റല്‍ ഹൗസിങ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറൈന്‍ ഡ്രൈവിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഡെസ്റ്റിനേഷന്‍ മറൈന്‍ ഡ്രൈവ്, പൈതൃക പ്രദേശങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനും അര്‍ബന്‍ റിജുവനേഷന്‍ ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ സ്‌കീം, പെരിയാറിന്റെ പുനരുജ്ജീവനത്തിന് ബോധി പദ്ധതി തുടങ്ങിയവയും 2024 ബജറ്റിലൂടെ നടപ്പിലാക്കും.