KeralaNEWS

കൊച്ചു കേരളമല്ല; മഹത്തായ കേരളം എന്നു പറഞ്ഞ് ശീലിക്കണം: മുഖ്യമന്ത്രി

തൃശൂർ: ഇടതുപക്ഷ കേരളത്തെ വലതുപക്ഷ കേരളമാക്കാനും ഐക്യ കേരളത്തെ അനൈക്യ കേരളമാക്കാനും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

നവകേരള സദസ്സിന് തുടർച്ചയായി സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി തൃശൂർ ലുലു കണ്‍വെൻഷൻ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമുക്ക് എല്ലാ രംഗത്തും ഒരു മലയാളത്തനിമയുണ്ട്. ആ തനിമ നശിച്ചുപൊയ്ക്കൂട. അത് സംരക്ഷിക്കപ്പെടണം. ഐക്യ കേരളം നാം രൂപപ്പെടുത്തിയെടുത്തതു പോലും ഈ മലയാളിത്തത്തില്‍ ഊന്നിക്കൊണ്ടാണ്. ആ ഐക്യ കേരളത്തെ ജാതി പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാൻ ശ്രമിക്കുന്നവരുണ്ട്. അത് അനുവദിച്ചുകൂടെന്ന് പിണറായി വ്യക്തമാക്കി.

കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സാണ് കേരളത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും ജീവിതസാഹചര്യങ്ങളും സൃഷ്ടിച്ചത്. കേരളത്തെ മതസൗഹാർദം മുതല്‍ ജീവിതനിലവാരം വരെയുള്ള കാര്യങ്ങളില്‍ മാതൃകാ സംസ്ഥാനമാക്കിയത്. കേരളത്തിന്റെ ഐക്യാധിഷ്ഠിതമായ നിലനില്‍പ്പുതന്നെ വലിയ ഭീഷണി നേരിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒറ്റ മനസ്സായി നിന്ന് നമുക്ക് ഇതിനെ നേരിടാൻ കഴിയണം. കേരളത്തെ രക്ഷിച്ചുകൊണ്ട് ഇന്ത്യയെ ശക്തിപ്പെടുത്താൻ കഴിയണം.

Signature-ad

കൊച്ചു കേരളം എന്നല്ലാതെ മഹത്തായ കേരളം എന്നു പറയാൻ ശീലിക്കണം. ചെറിയ ഭാഷ എന്നല്ലാതെ മഹത്തായ ഭാഷ എന്നു പറയാൻ ശീലിക്കണം. കേരളത്തിന്റെ, മലയാളത്തിന്റെ മഹത്വം ആദ്യം നമ്മള്‍ മനസ്സിലുറപ്പിക്കണം. ആ ബോധ്യത്തിലുറച്ചു നിന്നുകൊണ്ട് കേരളീയതയുടെ ഓരോ അംശത്തെയും ഇല്ലാതാക്കുന്നതിനെതിരെ പൊരുതി മലയാളി സമൂഹം എന്ന നിലക്കുള്ള നമ്മുടെ സ്വത്വം ഉറപ്പിക്കാൻ, അതിലൂടെ ദേശീയതയെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയണം. ഈ കാഴ്ചപ്പാടോടെയാണ് സാംസ്‌കാരിക രംഗത്ത് സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Back to top button
error: