ഡ്രൈവിംഗ് വേളകളിൽ വാഹനങ്ങളിൽ ഇരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല വലിയ റോഡപകടങ്ങൾക്കു കൂടിയാണ് വഴിതെളിക്കുന്നത്.
പൊതു ഗതാഗത സംവിധാനങ്ങളിൽ പുകവലി പാടില്ല എന്നബോർഡ് വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധന വേളകളിൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്താറുണ്ട്.
പബ്ലിക് സർവീസ് വാഹനങ്ങളിൽ ഡ്രൈവർ പുകവലിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ്
വാഹനത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ഡ്രൈവർമാർ കൃത്യമായി പാലിക്കേണ്ടതും മറ്റ് തൊഴിലാളികളോ,യാത്രക്കാരോ ഉണ്ടെങ്കിൽ അവരും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
വേനൽ വരവായതോടെ അന്തരീക്ഷവും പരിസരവും ചൂടുമൂലം ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. അതികഠിനമായ ഉഷ്ണം മൂലം വാഹനങ്ങൾ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള എളുപ്പവഴിയാകാം.
അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഡ്രൈവർമാരുടെ ചെറിയ ഒരശ്രദ്ധ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉപയോഗശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികൾ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളിൽ നിന്നും പെട്രോൾ, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കിൽ വലിയൊരു ദുരന്തത്തിന് ഇടയാക്കും.
ഓരോ വ്യക്തിയും പൊതു നിരത്തിലൂടെ വാഹനം ഡ്രൈവ് ചെയ്യുമ്പോൾ സ്വന്തം സുരക്ഷ മാത്രമല്ല മറ്റു ആളുകളുടെ ജീവനും കൂടിയുള്ള സുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.