KeralaNEWS

സി.പി.എം ലോക്കൽ സെക്രട്ടറി സത്യനാഥൻ്റെ ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റു, പ്രതി അഭിലാഷ് പൊലീസിൽ കീഴടങ്ങി

സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി സത്യനാഥനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) പൊലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാത്രി പത്തരമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ ക്ഷേത്രത്തിലെ ഉത്സവത്തിൽ ഗാനമേള നടക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്.

പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ അഭിലാഷ് മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറ‍ഞ്ഞു. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽക്കാലിക ഡ്രൈവറുമാണ് അഭിലാഷ്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കൂട്ടുപ്രതികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ആൾക്കൂട്ടത്തിൽ നിന്ന് മാറി ഉത്സവത്തിലെ ഗാനമേള കേൾക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ അര മണിക്കൂറിനുള്ളിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ അക്രമം നടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വിയുള്ള മുറി പോലീസ് പൂട്ടി സീൽചെയ്തു. ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ വ്യാഴാഴ്ച അർധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ പ്രതിയെ ചോദ്യംചെയ്യുന്നു.

കൊയിലാണ്ടി സി.ഐ. മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു.

സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ്‌ കോംപ്ലക്സ് മാനേജരാണ്‌. സത്യനാഥന്റെ അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി, ഭാര്യ: ലതിക. മക്കൾ: സലിൽനാഥ്, സെലീന.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊതുദർശനത്തിനു ശേഷം സംസ്കരിക്കും.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ ആചരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Back to top button
error: