ന്യൂഡൽഹി: 2029ല്‍ ആംആദ്മി പാർട്ടി ഇന്ത്യയെ ബി.ജെ.പിയില്‍ നിന്ന് മുക്തമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
നിയമസഭയില്‍ കൊണ്ടുവന്ന വിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി ആം ആദ്മി പാർട്ടിയാണെന്നും അതുകൊണ്ടാണ് തനിക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടിയെന്നും കേജ്രിവാള് പറഞ്ഞു.
ഇന്ന് ബി.ജെ.പിക്ക് ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് ഞങ്ങളെയാണ്.ഞങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷമുണ്ട്. ആം ആദ്മി എം.എല്‍.എമാരെ ബി.ജെ.പി വേട്ടയാടാൻ ശ്രമിച്ചതിനാലാണ് വിശ്വാസ പ്രമേയം ആവശ്യമായി വന്നത്. പ്രമേയം പാസായതോടെ എം.എല്‍.എമാർ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് രാജ്യം കണ്ടു.
ബി.ജെ.പി ആംആദ്മി പാർട്ടിയെ ആക്രമിക്കുകയും മന്ത്രിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത രീതി ജനങ്ങള്‍ കാണുന്നുണ്ട്. ആളുകള്‍ മണ്ടന്മാരാണെന്ന് അവർ കരുതുന്നു. എല്ലായിടത്തും ഇതാണ് ചർച്ച – അരവിന്ദ് കെജ്രിവാൾ പറഞ്ഞു.