കോഴിക്കോട്: ട്രെയിനിന് മുന്നിൽ ചാടാൻ റെയിൽവേ ട്രാക്കിലേക്ക് ഓടിയെത്തിയ 18 കാരനെ ജീവിതത്തിന്റെ ട്രാക്കിലേക്ക് കോരിയെടുത്ത് പോലീസ്.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സതീശൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺകോൾ ചോമ്പാല പോലീസ് സ്റ്റേഷനിലേയ്ക്ക് വന്നതോടെയാണ് സംഭവത്തിൻ്റെ തുടക്കം. ഒരു 18 കാരനെ കാണാതായതായും അവൻ്റെ മൊബൈൽ ഫോൺ ലൊക്കേഷൻ മാഹി ഭാഗത്താണ് കാണിക്കുന്നത് എന്നുമുള്ള വിവരമാണ് കിട്ടിയത്.
അഴിയൂർ ഭാഗത്ത് ദേശീയപാതയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ചോമ്പാല സ്റ്റേഷൻ എസ് ഐ പ്രശോഭിന് ഈ വിവരം കൈമാറി. സിവിൽ പോലീസ് ഓഫീസർമാരായ ചിത്രദാസിനെയും സജിത്തിനെയും കൂട്ടി മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിയ പോലീസ്, റെയിൽവേ സ്റ്റേഷനിൽ ഉള്ളവരെ ഫോട്ടോ കാണിച്ച ശേഷം അന്വേഷണം തുടങ്ങി.
ആ സമയത്ത് വടക്കുഭാഗത്തുനിന്ന് ട്രെയിൻ വരുന്നുണ്ടായിരുന്നു. ട്രെയിൻ വരുന്നതുകണ്ടപ്പോൾ ഒരാൾ റെയിൽപാളത്തിലേയ്ക്ക് ഇറങ്ങി ഓടുന്നതുകണ്ട പോലീസുകാർ സംശയം തോന്നി പിന്നാലെ ഓടുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ അതിഥി തൊഴിലാളികൾ തടയാൻ ശ്രമിച്ചപ്പോൾ തട്ടി മാറ്റി അയാൾ വീണ്ടും മുന്നോട്ടു ഓടിപ്പോയി. ട്രെയിൻ വേഗം കുറഞ്ഞുവന്നത് രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായകരമായി. പിന്നാലെ എത്തിയ പോലീസ് ട്രെയിനിന് മുന്നിൽ നിന്ന് വളരെ വേഗത്തിൽ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു.
പിന്നീട് കൊയിലാണ്ടി പോലീസിനൊപ്പം എത്തിയ ബന്ധുക്കൾക്ക് ഇയാളെ സുരക്ഷിതമായി കൈമാറി.
#keralapolice